നെൽവില: കേന്ദ്രത്തെ പഴിചാരി സംസ്ഥാന സർക്കാർ

Tuesday 26 August 2025 1:16 AM IST

കോട്ടയം: സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പണം വൈകുന്നതിന്റെ പേരിൽ കർഷക രോഷം ഒഴിവാക്കാൻ കേന്ദ്രസർക്കാരിനെ പഴി ചാരി തലയൂരാൻ സംസ്ഥാന സർക്കാർ. ഈ വർഷത്തെ നെല്ല് സംഭരണത്തിനുള്ള സപ്ലൈക്കോ ഓൺലൈൻ അപേക്ഷയിൽ 'നെല്ല് സംഭരണം കേന്ദ്രാവിഷ്കൃത പദ്ധതിയാണെന്നും കേന്ദ്ര സർക്കാരിൽ നിന്നും പണം ലഭിക്കുമ്പോൾ മാത്രമേ കൃഷിക്കാർക്ക് നൽകാനാവൂ എന്നുമാണ് പ്രത്യേക നിബന്ധനയായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

സംഭരിക്കുന്ന നെല്ലിന്റെവില വൈകിയാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ല. കേന്ദ്രസർക്കാരിനാണ് ഉത്തരവാദിത്വമെന്ന സംസ്ഥാന ഗവൺമെന്റിന്റെ പുതിയ നിലപാട് ബി.ജെ.പി നേതൃത്വം കർഷകരോട് മറുപടി പറയേണ്ട വിഷയമാക്കുകയാണ്.

കേന്ദ്രം നൽകാനുള്ളത് 2601 കോടി

നെല്ല് സംഭരിച്ച വകയിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകാനുള്ളത് 2601 കോടി രൂപയാണ്.

കിലോക്ക് 23 രൂപയാണ് കേന്ദ്രസർക്കാർ നൽകുന്ന താങ്ങുവില. പ്രോത്സാഹന ബോണസായി (എസ്.ഐ.ബി ) 5.20 രൂപ സംസ്ഥാന സർക്കാർ നൽകുന്നു. രണ്ടും കൂടി ചേർത്താണ് കിലോയ്ക്ക് 28.20 രൂപ നെൽ കർഷകർക്ക് ലഭിക്കുന്നത്. മൂന്നുമാസം കൂടുമ്പോൾ ക്ലെയിമുകൾ കേന്ദ്രത്തിന് നൽകി മൂൻകൂർ തുക അനുവദിക്കുന്ന വ്യവസ്ഥ മാറ്റി മാസം തോറം ക്ലെയിം നൽകുന്ന പുതിയ വ്യവസ്ഥ കൊണ്ടു വന്ന ശേഷമാണ് കേന്ദ്ര ഫണ്ടിൽ കുടിശി ഖവന്നത്. ഏപ്രിൽ മെയ് മാസങ്ങളിലെ 159 കോടി രൂപയുടെ ക്ലെയിം സംസ്ഥാനം നൽകിയത് കേന്ദ്രം ഇനിയും അനുവദിച്ചിട്ടില്ല.

നെൽകർഷകർക്ക് നൽകേണ്ട 1645 കോടിയിൽ 1285 കോടിയും വിതരണം ചെയ്തു. ബാക്കി 359.36 കോടി കൊടുക്കാനുള്ളത് ഓണത്തിന് മുമ്പ് നൽകാനുള്ള ശ്രമത്തിലാണ്.

ജി അനിൽ,​ ഭക്ഷ്യവകുപ്പു മന്ത്രി