അമീബിക് മസ്തിഷ്‌ക ജ്വരം,​ വെള്ളക്കെട്ടിനെ കരുതണം

Tuesday 26 August 2025 1:17 AM IST

കോട്ടയം : ജില്ലയിൽ ഇതുവരെ റിപ്പോ‌ർട്ട് ചെയ്തിട്ടില്ലെങ്കിലും അമീബിക് മസ്തിഷ്‌ക ജ്വരത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. വെള്ളക്കെട്ടും തോടുകളും ഉൾപ്പെടെ രോഗം പകരാനുള്ള അനുകൂല സാഹചര്യങ്ങളാണ്. അതേസമയം രോഗത്തെ നേരിട്ട് പരിചയമില്ലാത്തതനാലുള്ള ആശയക്കുഴപ്പവുമുണ്ട്. തലച്ചോറിനെ ബാധിക്കുമ്പാഴാണ് അമീബിക് മസ്തിഷ്‌ക ജ്വരമുണ്ടാകുന്നത്. ഇതേ രോഗാണുവിന്റെ പുതിയ വകഭേദങ്ങളാണ് ആശങ്കയ്ക്ക് കാരണം. സാധാരണ വേനൽക്കാലത്താണ് രോഗം റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇപ്പോഴതല്ല സ്ഥിതി. ഇടവിട്ടുള്ള വെള്ളപ്പൊക്കത്തിന് ശേഷം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം കെട്ടികിടക്കുന്ന നിരവധിയിടങ്ങളുണ്ട്. വർഷങ്ങളായി വൃത്തിയാക്കാതെ കിടക്കുന്ന പാറമടക്കുളങ്ങളും ആശങ്കയ്ക്ക് കാരണമാകുന്നു.

കുളങ്ങളിൽ ക്ലോറിനേഷൻ നടത്തണം ഒഴുകുന്ന നദികളിലും തോടുകളിലും അമീബയുടെ സാന്നിദ്ധ്യം കുറവാണെങ്കിലും പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം അപകടകാരിയാണ്. നീന്തൽപ്പരിശീലനം കൂടുതലായി നടക്കുന്ന കാലമായതിനാൽ ക്ളോറിനേഷൻ നടത്താതെ നീന്തൽ കുളങ്ങൾ ഉൾപ്പെടെ, സുരക്ഷിതമല്ലാത്ത കുളങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

ശ്രദ്ധിക്കാൻ

ജലാശയങ്ങളിൽ കുളിക്കുമ്പോൾ മുക്കും മുഖവും മുങ്ങാതെ ശ്രദ്ധിക്കണം

 കലങ്ങി മറിയുന്ന വെള്ളത്തിൽ കുളിക്കുന്നത് പരമാവധി ഒഴിവാക്കണം

''വെള്ളത്തിന്റെ നിലവാരം സംബന്ധിച്ച് സംശയമുള്ളവർക്ക് ആരോഗ്യവകുപ്പിന്റെ തിരുവനന്തപുരം പബ്ളിക് ഹെൽത്ത് ലാബിൽ പരിശോധിക്കാം. ആശങ്കപ്പെടേണ്ട സാഹചര്യമില്ല''

ഡോ.എൻ.പ്രിയ,​ ഡി.എം.ഒ