ഓണം വന്നോണം വന്നേ!
ആഘോഷത്തിലേക്ക് നാടും നഗരവും
കോട്ടയം: അത്തം പിറന്നു, ഇന്നു മുതൽ ഓണത്തിരക്കിലേക്ക് നാടും നഗരവും. അടിപൊളിയായി ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയും. മഴയ്ക്കു ശേഷം ഒരാഴ്ചയിലേറെയായി തെളിയുന്ന വെയിലിനു ചൂടു കൂടുതലാണെങ്കിലും വ്യാപാര മേഖല ഒന്നാകെ ഉണർന്നു. മിക്ക സ്‌കൂളുകളിലും ബുധനാഴ്ചയോടെ ക്ലാസ് അവസാനിക്കുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്കു വർദ്ധിക്കും.
ഓണം ഫെയർ ഇന്നുമുതൽ സപ്ലൈകോ ഓണം ഫെയറും ഓണച്ചന്തയും ഇന്ന് ആരംഭിക്കും. തിരുനക്കര മൈതാനത്ത് രാവിലെ 9.30ന് ജില്ലാ ഫെയർ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി ആദ്യ വിൽപ്പന നിർവഹിക്കും. സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ നിർവഹിക്കും.
എല്ലാ നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണച്ചന്തകളും എത്തും. സെപ്‌തംബർ നാലു വരെ ചന്തകൾ പ്രവർത്തിക്കും. റേഷൻ കാർഡ് ഉടമകൾക്ക് 13 ഇനം നിത്യോപ യോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് നിത്യോപയോഗ സാധനങ്ങൾ എം.ആർ.പിയേക്കാൾ കുറഞ്ഞ നിരക്കിലും ലഭിക്കും. റോക്കറ്റ് പോലെ ഉയർന്ന വെളിച്ചെണ്ണ വില കുറഞ്ഞു തുടങ്ങിയത് ആശ്വാസമായി. എന്നാൽ, വരും ദിവസങ്ങളിൽ പച്ചക്കറിയ്ക്കു വില കയറുമോയെന്ന ആധി വീട്ടമ്മമ്മാർക്കുണ്ട്.
വമ്പൻ ഓഫറുകൾ ഓണത്തോടനുബന്ധിച്ചുള്ള വിപണന മേളകൾ, പായസം വിൽപ്പന സജീവമാകും. സഹകരണ ബാങ്കുകൾ മുഖേന നാടൻ പച്ചക്കറികൾ ശേഖരിച്ച് പച്ചക്കറി ചന്തകളും ഒരുക്കുന്നുണ്ട്. ഇലക്‌ട്രോണിക് വ്യാപാര മേഖലയിലാണ് ഓണം പൊടിപൊടിക്കുന്നത്. വമ്പൻ ഓഫറുകളാണ് ഒരുക്കുന്നത്. വസ്ത്രവ്യാപാര മേഖലയും തിരക്കിലേക്ക് നീങ്ങുകയാണ്. സ്‌കൂൾ, കോളജുകളിലെ ഓണാഘോഷത്തിനായി വിദ്യാർത്ഥികളും എത്തുന്നുണ്ട്.
മറുനാടൻ പൂക്കളെത്തി മഴ, ചതിച്ചതിനെത്തുടർന്ന് ഇത്തവണ നാടൻ പൂക്കൾ കുറവാണ്. ഡിണ്ടിഗല്ലിൽ നിന്നാണ് ഇത്തവണ പൂക്കളെത്തിയിരിക്കുന്നത്. വാടാമുല്ല കിലോയ്‌ക്ക് 400, ജമന്തി 300, വെള്ള അരളി 700, റെഡ് 800, റോസ് 600, മുല്ല (മുഴം) 80, താമര (ഒരെണ്ണം) 50 എന്നിങ്ങനെയാണ് വില.
ഓണം കളറാകും
ജില്ലാതല ഓണാഘോഷം സെപ്‌തംബർ മൂന്നുമുതൽ എട്ടുവരെ നടക്കും. ജില്ലാതല ഉദ്ഘാടനം സെപ്‌തംബർ മൂന്നിന് വൈകിട്ട് 6ന് തിരുനക്കര മൈതാനത്ത് നടക്കും.
സഞ്ചരിക്കുന്ന ഓണച്ചന്ത
(രാവിലെ 9.30 മുതൽ രാത്രി 7 വരെ) ഇന്ന് നാട്ടകം കോളജ്, മറിയപ്പള്ളി, പാക്കിൽ കവല, മന്ദിരം കവല, പനച്ചിക്കാട്. 27ന് വെട്ടത്തു കവല,കൈതേപ്പാലം, പയ്യപ്പാടി, തിരുവഞ്ചൂർ, യൂണിവേഴ്‌സിറ്റി കവല, പ്രാവട്ടം. 28ന് മാഞ്ഞൂർ, കപിക്കാട്, മധുരവേലി, എഴുമാംതുരുത്ത്, ആപ്പുഴപ്പാലം, ആപ്പാഞ്ചിറ, കീഴൂർ, കാരിക്കോട്. 29ന് ഇറുമ്പയം, കോരിക്കൽ, വാഴമന, ചേരിക്കൽ, പൈനിങ്കൽ, ഇടയാഴം. 30ന് ചേർപ്പുങ്കൽ, ഇല്ലിമുക്ക്, പിഴക്, കടനാട്, നീലൂർ, കുറുമണ്ണ്. 31ന് ഭരണങ്ങാനം, ഇടമറ്റം, നടക്കൽ, പിണ്ണാക്കനാട്, കുന്നോന്നി, പാതാമ്പുഴ. സെ്ര്രപംബർ ഒന്നിന് കുറുവമൂഴി, ഇടകടത്തി, പമ്പാവാലി, എയ്ഞ്ചൽവാലി. രണ്ടിന് കാളകെട്ടി, തെക്കേത്ത് കവല, പഴയിടം, ചിറക്കടവ്. മൂന്നിന് ചാമംപതാൽ കടയിനിക്കാട്, താഴത്തു വടകര, പന്ത്രണ്ടാം മൈൽ, കറ്റുവെട്ടി, ഉമ്പിടി. നാലിനു പൂവം, ളായിക്കാട്, ചെമ്പുംതുരുത്ത്, വെട്ടിത്തുരുത്ത്, പറാൽ,കുറ്റിശ്ശേരി കടവ്.
ഓണച്ചന്ത ഇന്ന് (എത്തുന്ന സ്ഥലവും സമയവും)
നാട്ടകം കോളജ്: രാവിലെ 10.30 മുതൽ 11.30 വരെ മറിയപ്പള്ളി: ഉച്ചയ്ക്ക് 12 മുതൽ 1 വരെ പാക്കിൽ കവല: ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.30 വരെ മന്ദിരം കവല: വൈകിട്ട് 4 മുതൽ 5 വരെ പനച്ചിക്കാട്: വൈകിട്ട് 5.30 മുതൽ 7 വരെ