ഇരയുടെ ആശ്രിതർക്കും അപ്പീൽ  നൽകാം:സുപ്രീം കോടതി

Tuesday 26 August 2025 2:40 AM IST

ന്യൂഡൽഹി: ക്രിമിനൽ നടപടി ക്രമത്തിൽ (സി.ആർ.പി.സി)2009ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഇരയുടെ ആശ്രിതർക്കും പ്രതിക്കെതിരെ അപ്പീൽ നൽകാൻ നിയമപരമായ എല്ലാ അവകാശവുമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിൽ നേരിട്ട് ഇരയായ ആൾക്കോ, സംഭവം സംബന്ധിച്ച് വിവരം നൽകിയ വ്യക്തിക്കോ അപ്പീൽ നൽകാം.

ഹരിദ്വാറിലെ കൊലപാതക കേസിലെ മൂന്നു പ്രതികളെ ഹൈക്കോടതി വെറുതേ വിട്ടതിനെതിരെ കുറ്റകൃത്യം അറിയിച്ച ഖേം സിംഗ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അദ്ദേഹം മരിച്ചതോടെ, അനന്തരാവകാശിയായ മകൻ രാജ്കുമാർ, തന്നെ പകരം കക്ഷിയാക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

ഈ ആവശ്യം ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചു. പ്രതികളെ വെറുതേ വിട്ട കേസിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി വീണ്ടും വാദം കേൾക്കണമെന്ന് നിർദ്ദേശിച്ചു.

പ്രതിയെ വെറുതെവിട്ടതിനെതിരെ, ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 378(4) പ്രകാരം ഇര തന്നെ സ്വകാര്യഹർജി ഹൈക്കോടതിയിൽ സമർപ്പിക്കണമെന്ന് നിർബന്ധം പിടിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2009ൽ പാർലമെന്റിൽ കൊണ്ടുവന്ന ഭേദഗതി, ഇരയ്‌ക്ക് അപ്പീൽ നൽകാനുള്ള അവകാശം ഉറപ്പിക്കാനാണെന്ന് കോടതി വ്യക്തമാക്കി.