ജീവൻ ബാബു റവന്യു കമ്മിഷണർ, മിൻഹാജ് കെ.എസ്.ഇ.ബി ചെയർമാൻ
തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് അഴിച്ചു പണി. വനം, വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മിൻഹാജ് അലാമിനെ കെ.എസ്.ബി ചെയർമാനായി നിയമിച്ചു. തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. എ.കൗശിഗന് പട്ടികജാതി, പട്ടികവകുപ്പ് വികസന വകുപ്പിന്റെയും പിന്നാക്ക വികസന വകുപ്പിന്റെയും അധിക ചുമതല നൽകി. ലാൻഡ് റിസപ്ഷൻ സ്‌പെഷ്യൽ ഓഫീസറുടെയും ഹാരിസൺ മലയാളം ലിമിറ്റഡ് അനുബന്ധ കേസുകളുടെ മേൽനോട്ട ചുമതലയുള്ള നോഡൽ ഓഫീസറുടെയും അധിക ചുമതലയിൽ തുടരും.
ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ പട്ടികജാതി, പട്ടികവകുപ്പ് വികസന വകുപ്പിന്റെയും പിന്നാക്ക വികസന വകുപ്പിന്റെയും ചുമതലയിൽ നിന്ന് ഒഴിവാക്കി. വാട്ടർ അതോറിറ്റി എം.ഡി കെ.ജീവൻ ബാബുവിനെ ലാൻഡ് റവന്യു കമ്മിഷണറായി നിയമിച്ചു. പൊതുഭരണ വകുപ്പ് അഡിഷണൽ സെക്രട്ടറി എം.അഞ്ജനയ്ക്ക് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രൊജക്ടിന്റെ അധിക ചുമതല നല്കി.
കയർ വികസന വകുപ്പ് ഡയറക്ടറായിരുന്ന ജോൺ വി.സാമുവലിനെ തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറിയാക്കി. പിന്നാക്ക വികസന കോർപ്പറേഷൻ എം.ഡിയായിരുന്ന കെ.എസ്.അഞ്ജുവിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിച്ചു. പിന്നാക്ക വികസന കോർപ്പറേഷൻ എംഡിയുടെ അധിക ചുമതലയും നല്കി.
വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായിരുന്ന ആനി ജൂല തോമസിന് കയർ വികസന വകുപ്പിന്റെ അധിക ചുമതല നല്കി. വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന പി.വിഷ്ണുരാജിന് വ്യവസായ വികസന കോർപ്പറേഷൻ എം.ഡിയുടെ അധിക ചുമതല നല്കി. ട്രാൻസ്‌പോർട്ട് പ്രോജക്ടിന്റെ പ്രൊജക്ട് ഡയറക്ടറായിരുന്ന രാഹുൽ കൃഷ്ണ ശർമ്മയെ തിരുവനന്തപുരം സ്മാർട്ട് സിറ്റി സി.ഇ.ഒയാക്കി.
പ്രവേശന പരീക്ഷ കമ്മിഷണർ അരുൺ എസ്.നായരെ ശബരിമല അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റായി നിയമിച്ചു. മണ്ഡല, മകരവിളക്ക് സീസൺ കഴിയുമ്പോൾ പ്രവേശന പരീക്ഷ കമ്മിഷണറായി തിരികെ പ്രവേശിക്കണം. കഴിഞ്ഞ വർഷവും ശബരിമലയുടെ ചുമതല ഇദ്ദേഹത്തിനായിരുന്നു. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്ടർ ഹർഷിൽ ആർ. മീണയ്ക്ക് അനർട്ട് സി.ഇ.ഒയുടെ അധിക ചുമതലയും നല്കി.
അനർട്ട് സി.ഇ.ഒ. നരേന്ദ്രനാഥ് വേലൂരിയെ ഒഴിവാക്കി
തിരുവനന്തപുരം:ആരോപണ വിധേയനായ അനർട്ട് സി.ഇ.ഒ. യെ മാറ്റി. പി.എം.കുസും പദ്ധതിയിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനും അനർട്ട് സി.ഇ.ഒ.യും ആയിരുന്ന നരേന്ദ്രനാഥ് വേലൂരിയെ സർവ്വീസിൽ നിന്ന് ഒഴിവാക്കി.പകരം ഹർഷിൽ ആർ മീണയ്ക്ക് അനർട്ടിന്റെ അധിക ചുമതല നൽകി.നിലവിൽ കാലാവസ്ഥ പരിസ്ഥിതിവകുപ്പ് ഡയറക്ടറാണ് ഹർഷിൽ.
#വേലൂരിക്കെതിരെ ആരോപണമുന്നയിച്ചത് ചെന്നിത്തല
കേന്ദ്രസർക്കാർ പദ്ധതിയായ പി എം കുസും സൗരോർജ്ജ പമ്പ് പദ്ധതിയിൽ ഏതാണ്ട് 100 കോടയോളം രൂപയുടെ ക്രമക്കേടുകൾ ആണ് നരേന്ദ്രനാഥ വേലൂരി കാണിച്ചത് എന്ന് രേഖകളടക്കം രമേശ് ചെന്നിത്തലയാണ് പുറത്തുകൊണ്ടുവന്നത്. ഇതുകൂടാതെ ടെൻഡർ പ്രോസസ്സിങ്ങിൽ അടക്കം നിരവധി ക്രമക്കേടുകൾ നടത്തിയതിന്റെ രേഖകളും രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു. 'അഴിമതി വെച്ചുപൊറുപ്പിക്കില്ല എന്നും അഴിമതിക്കെതിരെയുള്ള ധർമ്മ സമരം തുടരും എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു