സ്‌കൂൾ അദ്ധ്യാപികയും മകളും കസേരയിലിരുന്ന് തീകൊളുത്തി മരിച്ചു; സ്‌ത്രീധന പീഡനമെന്ന് കുറിപ്പ്
ജോധ്‌പൂർ: മൂന്ന് വയസുകാരിയായ മകൾക്കൊപ്പം അദ്ധ്യാപിക തീകൊളുത്തി മരിച്ചു. രാജസ്ഥാനിലെ ജോധ്‌പൂരിലാണ് സംഭവം. സ്‌കൂൾ അദ്ധ്യാപികയായ സഞ്ജു ബിഷ്‌ണോയി, മകൾ യശ്വസി എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സഞ്ജുവിന്റെ ഭർത്താവ് ദിലീപ് ബിഷ്‌ണോയി, ദിലീപിന്റെ മാതാപിതാക്കൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു സംഭവമെങ്കിലും ഇതിന്റെ വാർത്തകൾ പുറത്തുവരുന്നത് ഇപ്പോഴാണ്. വൈകിട്ട് സ്‌കൂളിൽ നിന്നെത്തിയ സഞ്ജു മകളെയും കൂട്ടി കസേരയിൽ ഇരുന്ന ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട സമീപവാസികളാണ് വീട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് തീയണച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സഞ്ജു ചികിത്സയിലിരിക്കെ ശനിയാഴ്‌ച രാവിലെയാണ് മരിച്ചത്.
പൊലീസും ഫോറൻസിക് വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തി. അദ്ധ്യാപികയുടെ ആത്മഹത്യാക്കുറിപ്പും വീട്ടിൽ നിന്ന് കണ്ടെടുത്തു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ഉപദ്രവവും സ്‌ത്രീധന പീഡനവുമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. ഭർത്താവിന്റെ സഹോദരിയും ഗണപത് സിംഗ് എന്നയാളും ഉപദ്രവിച്ചതായും കുറിപ്പിലുണ്ട്. ഇവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ, സഞ്ജുവിന്റെയും മകളുടെയും സംസ്‌കാരത്തെച്ചൊല്ലി യുവതിയുടെ വീട്ടുകാരും ഭർതൃവീട്ടുകാരും തമ്മിൽ തർക്കമുണ്ടായി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങുമ്പോഴാണ് മൃതദേഹം തങ്ങൾക്ക് വിട്ടുകിട്ടണമെന്ന ആവശ്യവുമായി രണ്ട് കുടുംബങ്ങളും എത്തിയത്. ഒടുവിൽ മൃതദേഹങ്ങൾ യുവതിയുടെ കുടുംബത്തിന് വിട്ടുകൊടുക്കുകയായിരുന്നു.