'സിപിഎമ്മുകാർ അധികം കളിക്കരുത്, കേരളം ഞെട്ടുന്ന വാർത്ത വരുന്നുണ്ട് '; മുന്നറിയിപ്പുമായി വിഡി സതീശൻ

Tuesday 26 August 2025 12:16 PM IST

കോഴിക്കോട്: ലൈംഗിക ആരോപണത്തിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇനി ചർച്ചയില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. രാഹുലിനെതിരെ പാർട്ടി സ്വീകരിച്ച നടപടി കേരള രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാണ്. ഒരു ഐഎഎസ് ഉദ്യോഗസ്ഥയെ അപമാനിച്ചയാൾ വരെ ഇന്ന് മന്ത്രിയായി തുടരുന്നുണ്ട്. അതിന് യാതൊരു ഉളുപ്പുമില്ലെന്ന് വിഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സിപിഎം അധികം അഹങ്കരിക്കേണ്ടെന്നും കേരളം ഞെട്ടാൻ പോകുന്ന ഒരു വാർത്ത വരാനുണ്ടെന്നും വിഡി സതീശൻ വ്യക്തമാക്കി.

'എംവി ഗോവിന്ദന്റെ മകനെതിരെ ഗുരുതരമായ ആരോപണം പുറത്തുവന്നിരിക്കുകയാണ്. ഇതിനൊന്നും മറുപടിയില്ല. സിപിഎം നേതാക്കൾക്കും മന്ത്രിക്കുമുൾപ്പടെ കളങ്കിത വ്യക്തിയായ രാജേഷ് കൃഷ്ണ പണം കൊടുത്തിരിക്കുന്നു എന്ന ആരോപണം വന്നിരിക്കുന്നു. അത് ചർച്ചയാകാതിരിക്കാൻ വേണ്ടിയാണ് രാഹുലിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധം. റേപ്പ് കേസിൽ പ്രതിയായ ആൾ അവിടെ ഇരിക്കുകയാണ്. ലൈംഗിക അപവാദക്കേസിൽ പ്രതികളായ എത്ര മന്ത്രിമാരുണ്ട്. അവരെയൊക്ക ആദ്യം പുറത്താക്ക്. റേപ്പ് കേസിൽ പ്രതിയായ എംഎൽൽഎയോട് രാജിവയ്ക്കാൻ പറ.

ബിജെപിക്കാരോട് പ്രത്യേക കാര്യം പറയാനുണ്ട്. കാളയുമായി കണ്ടോൺമെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. അതിനെ പാർട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസം ബിജെപിക്ക് ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. സിപിഎമ്മിനോട് ഒരു കാര്യം. അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകുന്ന വാർത്ത വരുന്നുണ്ട്'- വിഡി സതീശൻ പറഞ്ഞു.