അനധികൃത സ്വത്ത് സമ്പാദനക്കേസ്; അജിത്‌ കുമാറിനെതിരെ കീഴുദ്യോഗസ്ഥൻ അന്വേഷണം നടത്തിയത് തെറ്റെന്ന് ഹൈക്കോടതി

Tuesday 26 August 2025 12:17 PM IST

തിരുവനന്തപുരം: എഡിജിപി എംആർ അജിത്‌ കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസിൽ വിജിലൻസ് സ്വീകരിച്ച നടപടിക്രമങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകണം. കീഴുദ്യോഗസ്ഥൻ അന്വേഷണം നടത്തിയത് തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം വേണമെന്ന വിജിലൻസ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംആർ അജിത്‌ കുമാറിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

കേസിൽ അജിത് കുമാറിന്റെ കീഴുദ്യോഗസ്ഥൻ അന്വേഷണം നടത്തിയത് തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് പ്രോസിക്യൂഷന്റെ അനുമതിയുണ്ടോ എന്നും കോടതി ചോദിച്ചു. ഇക്കാര്യം വിജിലൻസ് വ്യക്തമാക്കണം. അനുമതിയില്ലാതെയാണ് അന്വേഷണം നടത്തിയതെങ്കിൽ അത് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വിലയിരുത്തി. കേസന്വേഷണം സംബന്ധിച്ച് വിജിലൻസ് സ്വീകരിച്ച നടപടിക്രമങ്ങളെല്ലാം വിശദീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. മുൻകൂർ അനുമതി വാങ്ങിയാണോ അന്വേഷണം നടത്തിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കണം. ചില നിയമപ്രശ്‌നങ്ങൾ കാണുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

വിജിലൻസിന്റെ വിശദീകരണം സ്വീകരിക്കുന്നതിന് വേണ്ടി കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. വിജിലൻസിന്റെ മറുപടി ലഭിച്ചശേഷം അജിത്‌കുമാറിന്റെ ആവശ്യമനുസരിച്ച് സ്റ്റേയുടെ കാര്യത്തിൽ ഹൈക്കോടതി നാളെ തീരുമാനമെടുക്കും.