ലാബ് ജീവനക്കാരിക്കുനേരെ ബലാത്സംഗശ്രമം, കോഴിക്കോട് യുവാവ് പിടിയിൽ

Tuesday 26 August 2025 1:56 PM IST

കോഴിക്കോട്: ലാബ് ജീവനക്കാരിക്കുനേരെ ബലാത്സംഗശ്രമം. കോഴിക്കോട് ഉള്ളിയേരിയിൽ ഇന്നലെ പുലർച്ചെ ആണ് സംഭവം നടന്നത്. സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിൻ പിടിയിലായി. പ്രതി ഹോട്ടൽ ജീവനക്കാരനാണ്.

ലാബ് തുറക്കാനെത്തിയ ജീവനക്കാരിയെ ജാസിൻ കടന്നുപിടിക്കുകയും ആക്രമിക്കുകയുമായിരുന്നു. പീഡനശ്രമത്തിനുശേഷം ഓടി രക്ഷപ്പെട്ട ഇയാളെ കുന്ദമംഗലത്തുവച്ചാണ് പിടികൂടിയത്. ജീവനക്കാരിയെ ഇയാൾ ആക്രമിക്കുന്നതിന്റെയും ശേഷം ഓടി രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

പുലർച്ചെ ജീവനക്കാരി ലാബിലെത്തി കതക് തുറക്കാൻ ശ്രമിക്കുന്നതിനിടെ ജാസിൻ അരികിൽ എത്തുകയായിരുന്നു. സ്ത്രീയോട് സംസാരിച്ചതിനുശേഷം ഫോണിൽ സംസാരിക്കുന്നതായി ഭാവിച്ച് സ്ഥാപനത്തിന് പുറത്തുവന്ന് ആരും സമീപത്തില്ലെന്ന് ഉറപ്പുവരുത്തി. ശേഷം വീണ്ടും ലാബിൽ കയറി സ്ത്രീയെ ആക്രമിക്കുകയായിരുന്നു. ജീവനക്കാരി ചെറുത്തുനിന്നതോടെയാണ് ഇയാൾ പിൻവാങ്ങിയത്. തുടർന്ന് ഇയാൾ പിൻവാങ്ങുന്നതും ലാബിൽ നിന്ന് ഇറങ്ങിയോടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അതിക്രമത്തെത്തുടർന്ന് ലാബ് ജീവനക്കാരി ആശുപത്രിയിൽ ചികിത്സ തേടി.