റൂമിനുള്ളിൽ മുഷിഞ്ഞ തുണിയുടെ ഗന്ധം ഉണ്ടോ? കഴുകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
വീട്ടിലെ റൂമിൽ കയറുമ്പോൾ തുണികളുടെ മുഷിഞ്ഞ ഗന്ധം ഉണ്ടാകാറുണ്ടോ? പുറത്തേക്ക് തിരക്കിട്ട് പോകുമ്പോഴാണ് അലക്കിവച്ച വസ്ത്രത്തിൽ ഇത്തരത്തിൽ മുഷിഞ്ഞ ഗന്ധം അനുഭവപ്പെടുന്നത്. പുറമെ ഉണങ്ങിയെന്ന് തോന്നിയാലും തുണിക്കുള്ളിൽ ഈർപ്പം തങ്ങിനിൽക്കുന്നതാണ് ഈ ദുർഗന്ധത്തിനുള്ള കാരണം. വസ്ത്രം സൂക്ഷിക്കുന്ന ഡ്രോയറുകളിലോ അലമാരകളിലോ വായുസഞ്ചാരം തീരെയില്ലാത്തതാകാം ഇതിന് മറ്റൊരു കാരണം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അലക്കി ഉണക്കിയ വസ്ത്രങ്ങൾ മുഷിഞ്ഞ നാറാതെ ഫ്രഷായി സൂക്ഷിക്കാൻ കഴിയും. അവ എന്തൊക്കെയാണെന്ന് നോക്കാം.
അലക്കിയ തുണി ഉണങ്ങാൻ ഇടാൻ വെെകരുത്. നനവോടെ അധികനേരം തുണി സൂക്ഷിക്കുന്നതും ദുർഗന്ധത്തിന് കാരണമാകും. അമിതമായി വിയർത്താൽ വീട്ടിൽ എത്തുമ്പോൾ ഇട്ടിരിക്കുന്ന വസ്ത്രം അപ്പോൾ തന്നെ കഴുകിയിടണം. ഇല്ലെങ്കിൽ വസ്ത്രത്തിന്റെ ഇഴകളിൽ വിയപ്പിന്റെ ഗന്ധം ഇറങ്ങിച്ചെന്ന് തങ്ങിനിൽക്കുന്നു. പിന്നെ ആ വസ്ത്രം കഴുകിയാലും ചിലപ്പോൾ ഒരു മുഷിഞ്ഞ മണം ഉണ്ടായിരിക്കും.
ഒറ്റനോട്ടത്തിൽ ഉണങ്ങിയിട്ടുണ്ടെന്ന് തോന്നിയാലും വസ്ത്രത്തിന്റെ കട്ടിയേറിയ ഭാഗങ്ങളിൽ നനവ് അവശേഷിക്കാൻ സാദ്ധ്യതയുണ്ട്. ഈ തുണി റൂമിൽ ഇടുമ്പോൾ മുഷിഞ്ഞ ഗന്ധം പരക്കുന്നു. തുണി അലക്കാനുള്ള വെള്ളത്തിൽ അൽപം വിനാഗിരി നേർപ്പിച്ച് കലർത്തുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കും. എന്നാൽ തുണിത്തരം ഏതാണെന്ന് മനസിലാക്കിയ ശേഷം വേണം വിനാഗിരി ഉപയോഗിക്കാൻ. വാഷിംഗ് മെഷീനിൽ ഉടുന്ന തുണികളിൽ വിനാഗിരി ഒഴിക്കരുത്.