പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; തൃശൂരിൽ 64കാരന് 78 വർഷം കഠിനതടവും പിഴയും

Tuesday 26 August 2025 4:38 PM IST

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 78 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരിങ്ങാലക്കുട എസ്എൻപുരം ചെന്തെങ്ങ് ബസാർ സ്വദേശി പൈനാട്ട് പടിവീട്ടിൽ ഇബ്രാഹിമിനെയാണ് (64) പോക്‌സോ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജി ആർ മിനി ആണ് ശിക്ഷ വിധിച്ചത്.

പിഴത്തുക അതിജീവിതയ്‌ക്ക് നൽകും. കൂടാതെ കേസിന്റെ സ്വഭാവം പരിഗണിച്ച് അതിജീവിതയ്‌ക്ക് സംഭവിച്ച മാനസിക ശാരീരികാഘാതങ്ങൾക്കും പുനരധിവാസത്തിനുമായി കേരള വിക്‌ടിം കോംപൻസേഷൻ സ്‌കീം പ്രകാരം നഷ്‌ടപരിഹാരം നൽകുന്നതിന് തൃശൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശവും നൽകിയിട്ടുണ്ട്.

2023 ജൂൺ മാസം മുതൽ ജൂലായ് മാസം വരെയുള്ള കാലയളവിൽ പ്രതി പല തവണകളിലായി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്‌എച്ച്‌ഒ ആയിരുന്ന അനീഷ് കരീം, എസ്‌ഐ ആയിരുന്ന ഷാജൻ എംഎസ്, ജിഎസ്‌ഐ സുധാകരൻ കെആർ, വനിതാ പൊലീസ് സ്റ്റേഷൻ എസ്‌ഐ കൃഷ്‌ണ പ്രസാദ് എന്നിവർ ചേർന്നാണ് കേസന്വേഷിച്ചത്. എസ്എച്ച്‌ഒ അനീഷ് കരീം ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇഎ സീനത്ത് ഹാജരായി. ജിഎഎസ്‌ഐ ഗീത പിആർ, ഇരിങ്ങാലക്കുട സിപിഒ കൃഷഅ‌ണദാസ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.