മറൈൻ അക്വേറിയത്തിൽ പുതിയ അതിഥികൾ

Wednesday 27 August 2025 1:10 AM IST

വിഴിഞ്ഞം: ഓണക്കാഴ്ചകൾ ഒരുക്കാൻ വിഴിഞ്ഞത്തെ മറൈൻ അക്വേറിയത്തിൽ അണ്ണാൻ മത്സ്യവും കുഞ്ഞൻ ബാംബൂ ഷാർക്കുകളുമെത്തി. സാധാരണ ചുവപ്പു നിറത്തോടെ ഓവൽ രൂപത്തിലാണ് അണ്ണാൻ മത്സ്യങ്ങൾ കാണുന്നത്. ശരീരത്തിന്റെ മുകൾ ഭാഗത്തും വശങ്ങളിലും സ്വർണ നിറത്തിലുള്ള തിളക്കവും അടിഭാഗത്ത് വെള്ള നിറവുമുള്ള വരകളോടുകൂടിയതും വലുതും ഇരുണ്ട നിറത്തോടെയുമുള്ള കണ്ണുകളാണ് ഇതിനുള്ളത്. ശരീരത്തിൽ വരകൾ ഉള്ളതിനാലാണ് ഇവയെ അണ്ണാൻ മത്സ്യങ്ങൾ എന്നുവിളിക്കുന്നത്.

ആഴക്കടലിലും ആഴം കുറഞ്ഞ പവിഴപുറ്റുകൾക്കിടയിലുമാണ് ഇവ കാണപ്പെടുന്നത്. ഇവ പകൽ ഇരപിടിക്കാറില്ല. രാത്രി കാലങ്ങളിൽ ആഴക്കടലിലാണ് ഇവ ഇരതേടുന്നത്. ഞണ്ട്, ചെമ്മീൻ എന്നിവയുടെ ലാർവകളും കുഞ്ഞു മത്സ്യങ്ങളുമാണ് ഇവയുടെ ഇര. വേനൽക്കാലത്താണ് ഇവ മുട്ടയിടുന്നത്. ഒരേ സമയം ആയിരക്കണക്കിന് മുട്ടകൾ ഇടാറുണ്ട്. മൂന്നു പുതിയ നാരങ്ങാ സ്രാവുകളും(ലെമൺ സ്രാവ്) ഇവിടെ ഉണ്ട്. മഞ്ഞ നിറത്തിലുള്ളതായതിനാലാണ് ഇവക്ക് നാരങ്ങാ സ്രാവെന്ന പേരുവന്നത്. പരമാവധി 2 മുതൽ 3 മീറ്റർ വരെ വളരും. ഇത് കൂടാതെ ചെറിയ തിരണ്ടി,വിവിധ വ‌ർണങ്ങളടങ്ങിയ കല്ലുറാളുകൾ(ലോബ്സ്റ്ററുകൾ),ഈൽ,മൂറിഷ് ഐഡൽ,മൂൺ റാസ്,കോമാളി മത്സ്യങ്ങൾ,ഡാംസെൽ തുടങ്ങിയ ഇനങ്ങളുമാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്ര(സി.എം.എഫ്‌.ആർ.ഐ)ക്കു കീഴിലെ സാഗരിക മറൈൻ റിസർച്ച് അക്വേറിയത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത്.