ക്രിക്കറ്റ് ബാറ്റുകൾക്കുള്ളിൽ കടത്തിയത് 15 കിലോയോളം കഞ്ചാവ്, റെയിൽവെ സ്‌റ്റേഷനിൽ കാത്തിരുന്ന് പിടികൂടി എക്‌സൈസ്

Tuesday 26 August 2025 8:42 PM IST

ആലപ്പുഴ: ക്രിക്കറ്റ് ബാറ്റിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശിയായ റബീബുൾ ഹഖ് എന്ന യുവാവിനെയാണ്‌ എക്സൈസ് അറസ്റ്റ് ചെയ്തത്. 16 ഓളം ക്രിക്കറ്റ് ബാറ്റുകൾക്കുള്ളിലായാണ് കഞ്ചാവ് നിറച്ച് കടത്താൻ ശ്രമിച്ചത്.

ക്രിക്കറ്റ് ബാറ്റിൽ കഞ്ചാവ് കടത്തുന്നതായി എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. എക്സൈസ് സംഘം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇവരെ കാത്തുനിന്ന് പിടികൂടുകയായിരുന്നു. 15 കിലോയോളം വരുന്ന ക‌ഞ്ചാവാണ് യുവാക്കളിൽ നിന്ന് പിടിച്ചെടുത്തത്. കസ്‌റ്റഡിയിലെടുത്ത യുവാക്കളെ ചോദ്യംചെയ്ത് വരികയാണ്.

ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി കഴിഞ്ഞദിവസം നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1767 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 98 കേസുകൾ രജിസ്റ്റർ ചെയ്തു. 103 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിലെല്ലാം കൂടിയ മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.02339 കി.ഗ്രാം), കഞ്ചാവ് (28.55731 കി.ഗ്രാം), കഞ്ചാവ് ബീഡി (67 എണ്ണം) എന്നിവ പൊലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തു.