കണ്ണൂരിന് കുടുംബശ്രീ വക പൂക്കളം ജെ.എൽ.ജികളുടെ പൂകൃഷി 202 ഏക്കറിൽ
കണ്ണൂർ: കുടുംബശ്രീ ജില്ലാമിഷന്റെ അഭിമുഖ്യത്തിൽ ഓണക്കാലവിപണി ലക്ഷ്യമാക്കി ജില്ലയിലെ വിവിധ സി.ഡി.എസ് ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്നത് 202 ഏക്കറിൽ പൂകൃഷി. ഈ ഓണക്കാലത്ത് മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ പൂപ്പാടങ്ങൾ അതിമനോഹര കാഴ്ചയാണ് സൃഷ്ടിക്കുന്നത്.
ഓണക്കാലത്ത് 805 ടൺ പൂക്കളാണ് വിളവെടുപ്പിന് തയ്യാറാക്കിയത്. കുടുംബശ്രീ നാട്ടുചന്തകൾ, ഓണം വിപണന മേളകൾ വഴി പൂക്കൾ വിപണിയിൽ എത്തിക്കും. ഓണം വിപണി ലക്ഷ്യമാക്കി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നിറപ്പൊലിമ എന്ന പേരിൽ പൂകൃഷി പദ്ധതി നടപ്പിലാക്കിയിരുന്നു. പൂകൃഷി ചെയ്ത ജെ.എൽ.ജികൾക്ക് ഇൻസെന്റീവ് നൽകുന്നുണ്ട്.
ചെങ്ങളായി നിറപ്പൊലിമയോടെ തുടക്കം
ചെങ്ങളായി പഞ്ചായത്തിൽ നടന്ന നിറപ്പൊലിമ വിളവെടുപ്പ് തട്ടേരി വാർഡിൽ സ്‌നേഹാ ജെ.എൽ.ജി യിൽ പഞ്ചായത്ത് പ്രസിഡന്റ് വി .പി .മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. രണ്ടര ഏക്കറിലാണ് ഇവിടെ പൂ കൃഷിയും പച്ചക്കറികൃഷിയും സ്നേഹ ജെ.എൽ.ജി നടത്തുന്നത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എം.വി.ജയൻ മുഖ്യാതിഥിയായി. ജില്ലാ പ്രോഗ്രാം മാനേജർ സൈജു പദ്മനാഭൻ പദ്ധതി വിശദീകരണം നടത്തി. ചെങ്ങളായി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ വി.എൻ.ജിനു , സി.ഡി.എസ് ചെയർപേഴ്‌സൺ എം.വി. ബിന്ദു എന്നിവർ പ്രസംഗിച്ചു.