നവജാത ശിശുവിന്റെ മൃതദേഹത്തോട് പൊലീസിന്റെ അനാസ്ഥ, ആര് ചോദിക്കാൻ
കൊച്ചി: പെരുമ്പാവൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ പൊലീസ് നടപടിയിൽ കടുത്ത അനാസ്ഥ. ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം വീണ്ടെടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കപ്പെട്ടില്ല.
പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി മജ്റു ഷേഖ് (33), ഷീല (32) ദമ്പതികളുടെ ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളിപ്പടിക്ക് സമീപം ഇവരുടെ വാടകവീടിന് പിന്നിലെ മാലിന്യങ്ങൾക്കിടയിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ കണ്ടെടുത്തത്.
പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവമുണ്ടായ ഷീലയെ ഭർത്താവുതന്നെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
ഞായറാഴ്ച രാത്രിയാണ് ഷീല വീട്ടിൽ പ്രസവിച്ചത്. ദമ്പതികൾക്ക് ആറും അഞ്ചും വയസുള്ള രണ്ട് കുട്ടികൾ കൂടിയുണ്ട്. മൂന്നാമത് ഒരു കുഞ്ഞിനെകൂടി വളർത്താൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് മജ്റു ഷേഖ് പൊലീസിനോട് പറഞ്ഞത്. ഇയാളെ തിങ്കളാഴ്ച വൈകിട്ട് കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ കെട്ടിട നിർമ്മാണ തൊഴിലാളിയും ഭാര്യ പ്ലാസ്റ്റിക് കമ്പനിയിലെ തൊഴിലാളിയുമാണ്.
മൃതദേഹം നീക്കിയത്
ചുള്ളിക്കമ്പ് കൊണ്ട്
മാലിന്യശേഖരത്തിൽ അസാധാരണമായി നായ പരതുന്നത് ശ്രദ്ധയിൽപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളായ അയൽവാസികൾ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടത്. ഇവർ ആദ്യം വീട്ടുടമയേയും പിന്നീട് പൊലീസിലും വിവരം അറിയിച്ചു. പെരുമ്പാവൂർ എ.സി.പി ഹാർദിക് മീണ, പെരുമ്പാവൂർ പൊലീസ് ഇൻസ്പെക്ടർ ടി.എം.സൂഫി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും സീൻ ബന്ധവസ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഒന്നും പാലിച്ചില്ല. പിന്നീട്, ആദ്യം കണ്ടു എന്ന് അറിയിച്ച സ്ത്രീയെക്കൊണ്ടുതന്നെ മൃതദേഹത്തിനുമുകളിലുള്ള ചപ്പുചവറുകൾ നീളമുള്ള കമ്പുകൊണ്ട് നീക്കം ചെയ്യിച്ചു. പൊലീസ് ഉദ്യോഗസ്ഥർ വെറും കാഴ്ചക്കാരെപ്പോലെ മാറി നിന്നു. നവജാത ശിശുവിന്റെ മൃതദേഹമാണ് എന്നറിഞ്ഞിട്ടും സ്ത്രീയെക്കൊണ്ട് അതിനുമുകളിലെ ചപ്പുചവറുകൾ നീക്കിച്ച നടപടി, മൃതദേഹത്തോടും കേസിൽ യാതൊരു ബന്ധവുമില്ലാത്ത ഒരു വീട്ടമ്മയോടും കാട്ടിയ അനാദരവായി. കമ്പ് ഉപയോഗിക്കുമ്പോൾ മൃതദേഹത്തിൽ ക്ഷതമേൽക്കാനുള്ള സാദ്ധ്യതയും പരിഗണിച്ചില്ല. അന്വേഷണത്തിനാവാശ്യമായ യാതൊരു മുൻകരുതലുമില്ലാതെ തികച്ചും അലസമായാണ് മൃതദേഹം കൈകാര്യം ചെയ്തത്.