നെഹ്റുട്രോഫി ജലോത്സവത്തിന് 3 നാൾ, ഒരുക്കങ്ങൾ പൂർണം

Wednesday 27 August 2025 2:34 AM IST

ആലപ്പുഴ: 71ാം നെഹ്റുട്രോഫി ജലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂ‌ർത്തിയായതായി ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. സംസ്ഥാന മന്ത്രിമാർ, ജില്ലയിലെ എം.പിമാർ, എം.എൽ.എമാരടക്കം പങ്കെടുക്കും. അഞ്ച് ജില്ലകളിലെ സർക്കാർ ഓഫീസുകൾ വഴിയും ഓൺലൈനായും ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്. ശനിയാഴ്ച രാവലെ 11ന് മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് ഉദ്ഘാടന സമ്മേളനം. വൈകിട്ട് നാല് മുതലാണ് ഫൈനൽ മത്സരങ്ങൾ. വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങളാണ് മത്സരരംഗത്തുള്ളത്.

സുരക്ഷാ ഡ്യൂട്ടിക്കും, ട്രാഫിക്ക് ക്രമീകരണങ്ങൾക്കുമായി പുന്നമടയും പരിസര പ്രദേശങ്ങളും 15 സെക്ടറുകളായി തിരിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 16 ഡിവൈ.എസ്.എസ്.പി. 40 ഇൻസ്പെക്ടർമാർ, 360 എസ്.ഐമാർ എന്നിവരുൾപ്പടെ 1500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കായലിൽ പ്രത്യേക നിരീക്ഷണത്തിന് 50 ബോട്ടുകളിലായും ഉദ്യോഗസ്ഥരെ വിന്യസിക്കും.

വാർത്താസമ്മേളനത്തിൽ ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുൻ എം.എ.ൽ.എ സി.കെ. സദാശിവൻ, എ.ഡി.എം ആശ സി.എബ്രഹാം, കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുമായ പി.എസ്.വിനോദ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ കെ.എസ്.സുമേഷ് എന്നിവർ പങ്കെടുത്തു.

മത്സരിക്കുന്ന വള്ളങ്ങൾ

ചുണ്ടൻ - 21

ചുരുളൻ - 3

ഇരുട്ടുകുത്തി എ - 5

ഇരുട്ടുകുത്തി ബി - 18

ഇരുട്ടുകുത്തി സി - 14

വെപ്പ് എ - 5

വെപ്പ് ബി - 3

തെക്കനോടി തറ - 1

തെക്കനോടി കെട്ട് - 1

നഗരത്തിൽ ഗതാഗത നിയന്ത്രണം

 സമയക്രമം സ്ക്രീനിൽ പ്രദർശിപ്പിക്കും

കളി കാണാനെത്തുന്നവർക്കായി കൂടു തുതൽ ബോട്ടുകളും ബസ്സുകളും

 അയൽ ജില്ലകളിൽ നിന്ന് കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസ്

 രാവിലെ ഒൻപത് മുതൽ ആലപ്പുഴ നഗരത്തിൽ പൂർണമായും ഗതാഗത നിയന്ത്രണമുണ്ടാകും.

ബോട്ട് സർവീസ്

1. പ്ലാറ്റിനം കോർണർ - മാളികയിൽ പേ ആൻഡ് പാർക്ക് ജെട്ടി

2. ഇൻവിറ്റേഷൻ പാസ് - രാജീവ് ജെട്ടി

3. വി.വി.ഐ.പി ആൻഡ് പ്രസ് - ലേക്ക് പാലസ് ജെട്ടി

4. ടൂറിസ്റ്റ് ഗോൾഡ് - ഡി.ടി.പി.സി ജെട്ടി

5.ടൂറിസ്റ്റ് സിൽവർ - എസ്.ഡബ്ല്യു.ടി.ഡി ജെട്ടി

6. റോസ് കോർണർ, വിക്ടറി ലൈൻ, ലേക്ക് വ്യൂ, ലോൺ - ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് സമീപം

7.ഓൾ വ്യൂ - പോഞ്ഞിക്കര