അത്തം പിറന്നു ; ഇനി ആഘോഷ നാളുകൾ
ആലപ്പുഴ : ഓണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു. പുലർച്ചെ വീട്ടുമുറ്റങ്ങളിൽ പൂക്കളമൊരുക്കിയാണ് മലയാളികൾ ഓണനാളുകളെ വരവേറ്റത്. ഇനി പത്ത് ദിവസം ആഘോഷത്തിന്റെ നാളുകളാണ്. ഇതിനിടയിൽ നെഹ്റുട്രോഫി ജലമേള കൂടി വരുന്നതിനാൽ ആലപ്പുഴക്കാർക്ക് ഡബിളാണ് ആഘോഷം. ജലമേളയുമായി ബന്ധപ്പെട്ട് കലാരാവുകൾക്ക് തുടക്കമായി.
വിദ്യാലയങ്ങൾ ഓണപ്പരീക്ഷയ്ക്ക് ശേഷം വെള്ളിയാഴ്ച്ച ഓണാഘോഷത്തോടെ പത്ത് ദിവസത്തെ അവധിക്കായി അടയ്ക്കും. ഓണസദ്യ, കളികൾ, അത്തപ്പൂക്കള മത്സരം, ഊഞ്ഞാലാട്ടം തുടങ്ങി വിവിധ കലാപരിപാടികളോടെയാവും സ്കൂളുകളും കോളേജുകളും ഓണ അവധിക്കായി അടയ്ക്കുക. ഇതിനൊപ്പം തന്നെ നാട്ടിലെ സാംസ്ക്കാരിക കേന്ദ്രങ്ങളും സജീവമായി. പത്ത് നാളും അത്തപ്പൂക്കളമടക്കം ഒരുക്കിയാണ് ആഘോഷം. ചീട്ടു കളിയും, ക്യാരംസ് മത്സരവുമടക്കം ഗ്രാമ പ്രദേശങ്ങളിൽ സംഘടനകൾ ഒരുക്കുന്നുണ്ട്.
തിരുവോണ നാളിൽ പുതുവസ്ത്രമണിയുന്നതും ഓണത്തിന് പുത്തൻ കോടി സമ്മാനിക്കുന്നതും മലയാളിയുടെ പതിവാണ്. ദിവസങ്ങൾ മാത്രം ശേഷിക്കേ വസ്ത്ര വിപണി ഉണർവിലാണ്. കസവ് വസ്ത്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. ചിങ്ങം കല്യാണസീസൺ കൂടി ആയതിനാൽ വസ്ത്ര വിപണിയിൽ തിരക്കേറി. വില കൂടിയിട്ടും സ്വർണാഭരണശാലകളിലും വിവാഹ സീസൺ പ്രമാണിച്ച് തിരക്കിന് കുറവില്ല. അവധിദിവങ്ങളിലെ കച്ചവടം പ്രതീക്ഷിച്ച് അന്യസംസ്ഥാന കച്ചവടക്കാരടക്കം നിരത്തുകളിലെത്തിക്കഴിഞ്ഞു. റെഡി മെയ്ഡ് വസ്ത്രങ്ങളും, ആഭരണങ്ങളും, കളിപ്പാട്ടങ്ങളും വരെ കച്ചവടത്തിനെത്തിയിട്ടുണ്ട്. അത്തം പിറന്നതോടെ പൂ വിപണിയും ഉണർവിലാണ്. പൂക്കളം ഒരുക്കാനുള്ള ബന്ദി പൂക്കൾക്കാണ് ഏറ്റവും ഡിമാൻഡ്.