അത്തംനാളിൽ പൂരപറമ്പിൽ ' യമണ്ടൻ പൂക്കളം'

Wednesday 27 August 2025 12:56 AM IST

തൃശൂർ: പതിവു തെറ്റാതെ ചിങ്ങമാസത്തിലെ അത്തം നാളിൽ പൂരപ്പറമ്പിൽ 'യെമണ്ടൻ' പൂക്കളം. പൂരക്കാഴ്ചകൾ നിറയുന്ന തേക്കിൻകാട് മൈതാനിയിലെ തെക്കേഗോപുര നടയിലാണ് പൂക്കളം ഒരുങ്ങിയത്. തെക്കേഗോപുര നടയിൽ സായാഹ്നങ്ങളിൽ ഒത്തുകൂടുന്നവരുടെ കൂട്ടായ്മയാണ് പൂക്കളമൊരുക്കിയത്. 17 വർഷമായി തുടരുന്ന അത്തക്കളം ഇത്തവണയും പതിവു തെറ്റാതെ കണ്ണിന് കുളിർക്കാഴ്ചയായി. അറുപതടി വ്യാസത്തിൽ പൂക്കളം ഒരുക്കാൻ 1,500 കിലോയിലധികം പൂക്കൾ വേണ്ടിവന്നു. പുലർച്ചെ വടക്കുന്നാഥനിലെ നിയമവെടിക്കു ശേഷം പൂക്കളത്തിന്റെ പണികളിലേക്ക് എല്ലാവരും സജീവമായി. മഴയൊഴിഞ്ഞ് നിന്നതിനാൽ പണികൾ വേഗത്തിലായി. എല്ലാവരും ഒത്തൊരുമിച്ച് പൂക്കൾ കളത്തിൽ നിറച്ചതോടെ തൃശൂരിന്റെ ഓണക്കാഴ്ചകളിലേക്ക് ഭീമൻപൂക്കളം വിരിഞ്ഞു. വലിയ പൂക്കളത്തിന്റെ മുന്നിൽ നിന്ന് സെൽഫിയെടുക്കാനും ചിത്രമെടുത്ത് സ്റ്റാറ്റസിടാനും നിരവധി പേരെത്തി. കല്യാൺ ഗ്രൂപ്പ് സാരഥി ടി.എസ്.പട്ടാഭിരാമൻ ഭീമൻ പൂക്കളത്തിൽ ആദ്യ പുഷ്പം അർപ്പിച്ചു. രാവിലെ 10ന് വി.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഓണപ്പാട്ടുകളോടെ ഓണാഘോഷം ആരംഭിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ അത്തപ്പൂക്കള സമർപ്പണം നടത്തി. പി.ബാലചന്ദ്രൻ എം.എൽ.എ ഓണാഘോഷങ്ങളുടെ പതാക ഉയർത്തും. സായാഹ്ന സൗഹൃദ കൂട്ടായ്മ ചെയർമാൻ എം.കെ.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇന്നലെ വൈകിട്ട് ആറിന് ഭീമൻപൂക്കളത്തിന് ചുറ്റും ദീപങ്ങൾ തെളിച്ച് ദീപച്ചാർത്ത് നടത്തി. മേയർ എം.കെ.വർഗീസും തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രമ്യാമേനോനും ചേർന്ന് ദീപച്ചാർത്ത് നിർവഹിക്കും. തുടർന്ന് മുൻ മേയർ അജിത വിജയൻ, അഭിഭാഷക കൂട്ടായ്മ കൺവീനർ ദീപ കുമാരൻ എന്നിവരുടെ നേതൃത്വത്തിൽ നൂറിലേറെ വനിതകൾ അണിനിരക്കുന്ന കൈകൊട്ടിക്കളി അരങ്ങേറി.