പുലികളെ ഭയന്ന് ഉറക്കമില്ല... ദുരിതം പേറി വീരൻകുടി ആദിവാസികൾ
ചാലക്കുടി: നാടാകെ ഓണാഘോഷത്തിന്റെ തിരക്കിലേയ്ക്ക് കുതിക്കുമ്പോൾ വീരാൻകുടിയിലെ കാടിന്റെ മക്കൾ പരക്കം പായുന്നത് വന്യമൃഗ ശല്യമില്ലാതെ അന്തിയുറങ്ങാനുള്ള മനുഷ്യാവകാശത്തിനു വേണ്ടി. പരാതിയും പരിദേവനങ്ങളുമായി കഴിഞ്ഞ ദിവസം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളത്തിന് എത്തിയ ഉന്നതിയിലെ മൂപ്പൻ വീരന്റെ കണ്ണുകളിൽ തെളിഞ്ഞത് ഭീതിയാണ്. പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ ക്രൗര്യത്തെ എങ്ങനെ ചെറുക്കുമെന്ന് ഇവർക്ക് നിശ്ചയമില്ല . ആഴ്ചകൾക്ക് മുമ്പ് പുലിയുടെ വായിൽ നിന്ന് നാലു വയസുകാരനെ രക്ഷിച്ചെടുത്ത ബന്ധു ബേബിയുടെ ദുവരസ്ഥ ഇവരുടെ ഉറക്കവും ഇല്ലാതാക്കുകയാണ്. വീരാൻകുടിയിലെ ഏഴ് കുടുംബങ്ങൾ ഇപ്പോൾ താമസിക്കുന്നത് രണ്ട് കിലോ മീറ്റർ അകലെയുള്ള ഞണ്ടുചുട്ടാൻപാറയിലാണ്. പഞ്ചായത്ത് റവന്യു അധികാരികൾ കെട്ടിയ ഷെഡിലാണ് കുട്ടികളടക്കം മുപ്പതോളം മനുഷ്യർ തലചായ്ക്കുന്നത്. ഇവിടെയും പുലിയുടെ ശല്യമുണ്ടായെന്ന് മൂപ്പൻ ഭീതിയോടെ പറഞ്ഞു. 2018ലെ പ്രളയത്തിലാണ് ഉരുൾപ്പൊട്ടൽ ഭീഷണിയെ തുർന്ന് വീരാൻകുടി ഉന്നതിക്കാരെ മലക്കപ്പാറയിലെ കമ്മ്യൂണിറ്റി ഹാളിലേയ്ക്കു മാറ്റിയത്. ഒരു വിളിപ്പാടകലെ അരേയ്ക്കാപ്പ് ഉന്നതിയിലെ മുപ്പത്തിയഞ്ച് കുടുംബങ്ങളുടെയും സ്ഥിതി മറിച്ചല്ല.
ഉന്നതി മാറ്റം നടപ്പാക്കാത്തതിൽ ദുരൂഹത
ഉരുൾപൊട്ടൽ വന്യമൃഗ ഭീഷണികളാൽ നട്ടംതിരിയുന്ന മുതുവാൻ വിഭാഗത്തിലെ 42 കുടുംബങ്ങളെ കോടശേരിയിലെ മാരാങ്കോട് വനഭൂമിയിലേക്കു പുനരധിവസിപ്പിക്കുന്ന ശ്രമങ്ങൾക്ക് മുൻകൈയെടുത്തത് അതിരപ്പിള്ളി പഞ്ചായത്തായിരുന്നു. ട്രൈബൽ വകുപ്പിന്റെ സഹകരണത്തോടെ ഊരുകൂട്ടം ഇതിനായി തീരുമാനമെടുത്ത് ജില്ലാ മോണിറ്ററിംഗ് സമിതിക്ക് അയക്കുകയും ചെയ്തു. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ഡി.എൽ.സി ആവശ്യം ന്യായമാണെന്ന് കണ്ടെത്തി. അപേക്ഷ സംസ്ഥാന ലെവൽ കമ്മറ്റിക്ക് കൈമാറി. ചീഫ് സെക്രട്ടറി, വനം, റവന്യു മേധാവികൾ അടങ്ങുന്ന സംസ്ഥാന മോണിറ്ററിംഗ് കമ്മിറ്റിയാകട്ടെ ഇതിൽ വ്യക്തമായ തീരുമാനം എടുത്തില്ല. പകരത്തിന് പകരം ഭൂമി കൈമാറുന്ന സ്വാപ്പിംഗ് രീതിയുടെ നിർവഹണത്തിനായി സബ് കമ്മിറ്റി രൂപീകരിക്കലായിരുന്നു നടപടി. ഈ സമിതിയാകട്ടെ തുടർ നടപടികൾക്ക് മുതിർന്നില്ലെന്നാണ് വിവരം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന എംപവേർഡ് കമ്മറ്റിയുടെ അന്തിമ അനുമതി ലഭ്യമാക്കൽ സബ് കമ്മിറ്റിയുടെ ദൗത്യമാണ്. ഇത് നടപ്പാക്കാത്തതാണ് മാരാങ്കോട് ഭൂമി വിട്ടുനൽകാൻ വനംവകുപ്പ് സമ്മതിക്കാത്തതെന്ന് പറയുന്നു.