'ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിന് ഡി.എഫ്.ഒ തടസം'

Wednesday 27 August 2025 12:00 AM IST

ചാലക്കുടി: ഉരുൾപൊട്ടൽ ഭീഷണിയിലും വന്യജീവി ആക്രമണത്തിലും ദുരിതം അനുഭവിക്കുന്ന മലക്കപ്പാറ വീരാൻകുടി ഉന്നതി നിവാസികൾക്ക് മാരാംകോട് അനുവദിക്കപ്പെട്ട സ്ഥലം നൽകാത്ത ചാലക്കുടി ഡി.എഫ്.ഒയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് ആദിവാസി ക്ഷേമസമിതി ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര നിയമത്തിന്റെ പേരിൽ ഡി.എഫ്.ഒ ആദിവാസി വിഭാഗത്തെ ദ്രോഹിക്കുകയാണ്. 2018ലെ പ്രളയത്തിലുണ്ടായ ഉരുൾപൊട്ടലിൽ വാസസ്ഥലം നഷ്ടപ്പെട്ട ഉന്നതി നിവാസികൾ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സർക്കാർ സംരക്ഷണത്തിൽ കഴിയുകയായിരുന്നു. 50 കുടുംബങ്ങൾക്ക് സർക്കാർ കോടശ്ശേരി പഞ്ചായത്തിലെ മാരാംകോട് ദേശത്ത് പകരം ഭൂമി പതിച്ചു നൽകുന്നതിന് നടപടി ആരംഭിച്ചിരുന്നു. ഉന്നതി നിവാസികൾ കാടും പടലും വെട്ടിത്തെളിച്ച് ഭൂമിയൊരുക്കിയിരുന്നു. എന്നാൽ ചാലക്കുടി ഡി.എഫ്.ഒ തടസവാദം ഉന്നയിക്കുകയായിരുന്നു. വീരാൻകുടി ഉന്നതിയിൽ വന്യമൃഗശല്യം രൂക്ഷമാണ്. സൗരോർജ വേലി ചാടിക്കടന്ന് കുടിലിന്റെ പ്‌ളാസ്റ്റിക് ഷീറ്റുകൾ കീറിയെറിഞ്ഞ് പുലിയുടെ ആക്രമണം രൂക്ഷമാണ്. നാല് വയസായ കുട്ടിയെ കുടിലിൽ നിന്നും പിടിച്ചു കൊണ്ടുപോവാൻ ശ്രമിച്ച സംഭവം ഈയിടെയാണ് ഉണ്ടായത്. മാരാംകോട്ടേക്ക് മാറിത്താമസിക്കാൻ അനുവദിക്കാത്ത ചാലക്കുടി ഡി.എഫ്.ഒയുടെ നടപടിയിൽ ഉന്നതിയിലുള്ളവർ പ്രതിഷേധിക്കുകയാണ്. എം.എൽ.എയും എം.പിയും ഈ പ്രശ്‌നത്തിൽ തിരിഞ്ഞു നോക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. പ്രസിഡന്റ് എം.എസ്.വിജയലക്ഷ്മി, സെക്രട്ടറി എം.എ.കൃഷ്ണൻ, വീരാൻകുട്ടി ഉന്നതി മൂപ്പൻ വീരൻ, കുമാർ, കാശിത്തൈ എന്നിവർ പങ്കെടുത്തു.