വട്ടിപ്പലിശ; പ്രതി അറസ്റ്റിൽ

Wednesday 27 August 2025 1:08 AM IST

പാറശാല: അമിതപലിശ ഈടാക്കി പണം കടം കൊടുത്ത പ്രതി പിടിയിൽ. ഉദിയൻകുളങ്ങരക്ക് സമീപം കൊറ്റാമം മേലെക്കോണത്ത് കുണ്ടുവിള വീട്ടിൽ ഹരൻ(30) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും മര്യാപുരം സ്വദേശിയായ വിശാഖ് വിജയൻ എന്നയാൾ 2023ൽ ആറര ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഒരു രൂപക്ക് പത്തു പൈസയാണ് പ്രതിമാസ പലിശ.ഒന്നര വർഷത്തിനിടെ പലിശയിനത്തിൽ മാത്രം17 ലക്ഷം രൂപ ഇയാൾക്ക് തിരികെ നൽകിയിരുന്നുവെങ്കിലും കൈപ്പറ്റിയ തുകയ്ക്ക് ജാമ്യവസ്തുമായി നൽകിയിരുന്ന വിശാഖിന്റെ കാറ് പിന്നീട് വിട്ടുനൽകിയില്ല. പിന്നീട് മുതലിനായി ഹരൻ വിശാഖിനെ നിരന്തരം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തിൽ വിശാഖിന്റെ പിതാവ് ഈ മാസം 19ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ പാറശാല പൊലീസ് ഹരന്റെ കൊറ്റാമത്തുള്ള വീട്ടിലെത്തി പരിശോധന നടത്തിയത്. പരിശോധനയിൽ ഏഴ് വാഹനങ്ങളുടെ ആർ.സി ബുക്കും നിരവധി പേർക്ക് അമിതപലിശക്ക് പണം നൽകിയതിന്റെ രേഖകളും ജാമ്യമായി വാങ്ങിയ ചെക്ക് ലീഫുകളും നാലു ആഡംബര കാറുകളും കണക്കിൽപെടാത്ത രണ്ട് ലക്ഷം രൂപയും പൊലീസ്കണ്ടെത്തി. തുടർന്ന് അറസ്റ്റിലായ ഹരനെ പാറശാല പൊലീസ് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. പാറശാല എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദീപുവും സംഘവുമാണ് ഹരനെ പിടികൂടിയത്.