ഗവർണർമാർക്കെതിരെ സുപ്രീംകോടതി 5 വർഷം അടയിരുന്നാൽ ഇടപെടേണ്ടേ? പണ ബില്ലും പിടിച്ചു വയ്‌ക്കുന്ന സാഹചര്യമുണ്ടാകുമോ
ന്യൂഡൽഹി: നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളിൽ അഞ്ച് വർഷത്തോളം ഗവർണർ അടയിരുന്നാലും ഇടപെടരുതെന്നാണോയെന്ന് ചോദ്യമുന്നയിച്ച് സുപ്രീംകോടതി. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെ, രാഷ്ട്രപതി സുപ്രീംകോടതിക്ക് അയച്ച റഫറൻസ് നിലനിൽക്കുമോയെന്നതിൽ വാദം കേൾക്കുകയായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ച്.
വിധിയെ എതിർത്തും,റഫറൻസിനെ അനുകൂലിച്ചും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇന്നലെ വാദമുഖങ്ങൾ അവതരിപ്പിച്ചു. സുപ്രീംകോടതിക്ക് സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഒഡീഷ, ഗോവ, ഹരിയാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങൾ വാദിച്ചു. 2020ൽ ബിൽ പാസാക്കി ഗവർണർക്ക് അയച്ചു കൊടുത്തിട്ട് 2025ലും അംഗീകാരം നൽകാതെ തീരുമാനം നീട്ടിക്കൊണ്ടുപോയാൽ ഇടപെടാൻ അധികാരമില്ലേയെന്ന് വിശാല ബെഞ്ച് ചോദിച്ചു. ആ വാദം അനുവദിച്ചു കൊടുത്താൽ ഗവർണർക്ക് പണ ബിൽ പോലും പിടിച്ചുവയ്‌ക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകില്ലേ? ആ സാഹചര്യം പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു. പണ ബിൽ ഗവർണറുടെ ശുപാർശയോടെ മാത്രമേ അവതരിപ്പിക്കാൻ സാധിക്കുകയുള്ളുവെന്നും, അതിനാൽ അങ്ങനെയൊരു ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചു.
പാർലമെന്റ് തീരുമാനിക്കട്ടെ
ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കണമോയെന്ന വിഷയം പാർലമെന്റിന് വിടുകയാണ് നല്ലതെന്ന് മദ്ധ്യപ്രദേശ് സർക്കാർ അറിയിച്ചു. ഗവർണർക്കും രാഷ്ട്രപതിക്കും നൽകിയിരിക്കുന്ന വിവേചനാധികാരം ദുരുപയോഗം ചെയ്യപ്പെടുമെന്ന മുൻധാരണ പാടില്ലെന്നും കൂട്ടിച്ചേർത്തു.
ഭരണഘടനാ ശിൽപ്പികൾ സമയപരിധി നിശ്ചയിക്കാത്ത വിഷയത്തിൽ ജുഡീഷ്യറിക്ക് അതു ചെയ്യാനാകില്ലെന്ന് മഹാരാഷ്ട്ര സർക്കാർ പറഞ്ഞു. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിൽ ജുഡീഷ്യൽ ഉത്തരവുകൾ വഴി അതിനു കഴിയുമോ, ഭരണഘടനയിലെ 142ാം അനുച്ഛേദം സുപ്രീം കോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരത്തിന് പരിമിതികളില്ലേ തുടങ്ങി 14 ചോദ്യങ്ങളാണ് റഫറൻസിൽ രാഷ്ട്രപതി ഉന്നയിച്ചത്.