പ്രളയഭീതിയിൽ ഉത്തരേന്ത്യ ജമ്മു കാശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം: 9 മരണം വൈഷ്‌ണോ ദേവീ ക്ഷേത്രപാതയിൽ മണ്ണിടിച്ചിൽ മണാലി-ലേ, കുളു-മണാലി ഹൈവേകൾ ഒലിച്ചുപോയി
ന്യൂഡൽഹി: കനത്ത മഴ തുടരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രളയഭീതിയിൽ. ജമ്മു കാശ്മീരിലെ ദോഡയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മാതാ വൈഷ്‌ണോ ദേവീ ക്ഷേത്ര പാതയിലെ മണ്ണിടിച്ചിലിലും 9 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
അതേസമയം,ഹിമാചൽ പ്രദേശിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും ദേശീയ പാതകളടക്കം നിരവധി റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് 3 ഓടെയാണ് റിയാസിയിലെ വൈഷ്‌ണോ ദേവീ ക്ഷേത്രത്തിലേക്കുള്ള ട്രക്കിംഗ് പാതയിൽ മണ്ണിടിച്ചിലുണ്ടായത്. നിരവധി പേരെ കാണാതായി. പ്രദേശത്ത് സൈന്യം രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തെ തുടർന്ന് വൈഷ്‌ണോ ദേവീ ക്ഷേത്രത്തിലേക്കുള്ള യാത്ര താത്കാലികമായി നിറുത്തിവച്ചു.
തവി,രവി നദികൾ കരകവിഞ്ഞതിനാൽ ജമ്മുവിൽ പ്രളയ മുന്നറിയിപ്പും നൽകി. ജമ്മു-ശ്രീനഗർ 250 കിലോമീറ്റർ ദേശീയപാത മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചു. റാംനഗർ-ഉധംപൂർ,ജൻഗൽവർ-തത്രി തുടങ്ങിയ റോഡുകളിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും കാരണം ഗതാഗതം തടസപ്പെട്ടു. കാശ്മീർ താഴ് വരയെ കിഷ്ത്വാറുമായി ബന്ധിപ്പിക്കുന്ന സിൻതാൻ ടോപ് പാസ് അടച്ചു. ശ്രീനഗർ -ലേ ദേശീയപാത കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചു. സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഒമർ അബുദുള്ള പറഞ്ഞു. അതിശക്തമായ മഴ ഹിമാചൽപ്രദേശിൽ പ്രളയസമാന സാഹചര്യം സൃഷ്ടിച്ചു. മണാലി-ലേ,കുളു-മണാലി ദേശീയപാതകളടക്കം ഒട്ടേറെ റോഡുകളിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. നിരവധി കെട്ടിടകൾ തകർന്നു. മണാലിയിൽ ബിയാസ് നദി കരകവിഞ്ഞൊഴുകി നാല് നില ഹോട്ടൽ കെട്ടിടം ഒലിച്ചുപോയി. വെള്ളപ്പൊക്കത്തെ തുടർന്ന് കുളു, മണാലി മേഖലയിൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെടുകയും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുകയും ചെയ്തു.
പഞ്ചാബിലും ഒഡീഷയിലും കനത്തമഴ
കനത്ത മഴ തുടരുന്ന ഒഡീഷയിലെ ബാലസോർ,ഭദ്രക്, ജാജ്പൂർ ജില്ലകളിലെ 170ലേറെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. നിരവധി പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പഞ്ചാബിൽ കനത്ത മഴയെ തുടർന്ന് നിരവധി ഗ്രാമങ്ങളിൽ വെള്ളം കയറി. ഉജ്, രവി നദികളിൽ ജലനിരപ്പുയർന്നതിനാൽ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ പത്താൻകോട്ട് ജില്ല പ്രളയഭീതിയിലാണ്. അരുണാചൽ പ്രദേശിലെ ബലിപര-തവാങ് ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായി. കൂറ്റൻ പാറക്കല്ലുകൾ വാഹനങ്ങൾക്കുമേൽ പതിച്ചു. ആളപായമില്ല. ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ, ഹരിയാന സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമാണ്. ഇന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.