70,000 കോടി മുടക്കാന്‍ പ്രമുഖ വാഹന കമ്പനി; വാഹനപ്രേമികളുടെ നീണ്ടകാലത്തെ ആഗ്രഹവും പദ്ധതിയില്‍

Wednesday 27 August 2025 12:13 AM IST

ആദ്യ ഇലക്ട്രിക് കാറായ ഇ വിറ്റാരയുടെ നിര്‍മ്മാണം തുടങ്ങി

കൊച്ചി: അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 70,000 കോടി രൂപയുടെ(800 കോടി ഡോളര്‍) നിക്ഷേപത്തിനൊരുങ്ങി ജപ്പാനിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോര്‍സ്. വൈദ്യുതി വാഹന നിര്‍മ്മാണത്തില്‍ സുസുക്കി മോട്ടോര്‍സിന്റെ ആഗോള ഹബായി ഇന്ത്യയെ മാറ്റുമെന്ന് മാരുതി സുസുക്കിയുടെ ചെയര്‍മാന്‍ ആര്‍. സി ഭാര്‍ഗവ പറഞ്ഞു.

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ വിറ്റാരയുടെ വാണിജ്യ ഉത്പാദനം ഇന്നലെ ഗുജറാത്തിലെ ഹന്‍സാല്‍പൂര്‍ ബച്ചാരാജിയിലെ ഫാക്ടറിയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രതിവര്‍ഷം 50,000 മുതല്‍ ഒരു ലക്ഷം വരെ വൈദ്യുതി വാഹനങ്ങള്‍ ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കാനാണ് ലക്ഷ്യമെന്ന് ആര്‍.സി ഭാര്‍ഗവ പറഞ്ഞു.

നിലവില്‍ നൂറിലധികം രാജ്യങ്ങളിലേക്കാണ് മാരുതി സുസുക്കി ഇന്ത്യയില്‍ നിര്‍മ്മിച്ച കാറുകള്‍ കയറ്റി അയക്കുന്നത്. രാജ്യത്തെ കാര്‍ വിപണിയില്‍ മാരുതി സുസുക്കിയ്ക്ക് 40 ശതമാനം വിഹിതമാണുള്ളത്.