പ്രത്യാക്രമണത്തിന് വി.ഡി. സതീശൻ: കളിക്കളത്തിൽ 'കൈ' ബോംബ്

Wednesday 27 August 2025 1:22 AM IST

തിരുവനന്തപുരം: കേരളം ഞെട്ടുന്ന വാർത്താബോംബ് തന്റെ പക്കലുണ്ടെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയത് രാഷ്ട്രീയകേരളത്തെ വീണ്ടും ആകാംഷയുടെ മുൾമുനയിലാക്കി. കോൺഗ്രസിനെ വെട്ടിലാക്കിയ രാഹുൽമാങ്കൂട്ടത്തിൽ വിവാദം ഒരുവിധം കെട്ടടങ്ങുന്നതിനു പിന്നാലെയാണ് സി.പി.എമ്മിനും ബി.ജെ.പിക്കും താക്കീതു നൽകുന്ന മുന്നറിയിപ്പ്. 'സി.പി.എമ്മുകാർ അധികം കളിക്കരുത്. ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് വിചാരിക്കരുത്, ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. കേരളം ഞെട്ടിപ്പോകുന്ന ഒരു വാർത്ത അധികം വൈകാതെ പുറത്തുവരും." ഇതായിരുന്നു സതീശൻ കോഴിക്കോട്ട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. കന്റോൺമെന്റിലേക്ക് കാളയുമായി പ്രകടനം നടത്തിയ ബി.ജെ.പിക്കാർ,​ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് കാളയുമായി പ്രകടനം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെറുംവാക്കു പറഞ്ഞ് ഞെളിയുന്ന നേതാവല്ല സതീശൻ. അതിനാൽ രാഷ്ട്രീയ താത്പര്യമുള്ളവരുടെ കാത്തിരിപ്പിന് എരിവേറും.

ഐ.എ.എസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ ആളും മന്ത്രിയായി തുടരുന്നുവെന്ന പരാമർശവും ഗൗരമുള്ളതാണ്. സതീശൻ ലക്ഷ്യം വയ്ക്കുന്നത് ആരെയെന്നും എന്താണ് പുറത്തുവിടാൻ പോകുന്ന രഹസ്യമെന്നുമുള്ള ആകാംക്ഷയാണ് ഇന്നലെ പൊതുവിൽ ചർച്ചയായത്. എന്നാൽ സി.പി.എമ്മിൽ ഒരു ബോംബും വീഴാനില്ലെന്നും വീഴാൻ പോകുന്നത് കോൺഗ്രസിലാണെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ തിരിച്ചടി. 'ഞാനിപ്പൊഴേ ‌‌ഞെട്ടി" എന്നായിരുന്നു കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യന്റെ പരിഹാസം. കൈയിലുള്ളത് പുറത്തുവിടൂ എന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും പ്രതികരിച്ചു.

 മുന്നറിയിപ്പിന്റെ ലക്ഷ്യം?​

1. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്തതിനു പിന്നാലെയുള്ള മുന്നറിയിപ്പ് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നാവടക്കാനുള്ള തന്ത്രമാവാം.

2. ഗുരതരമായ ആരോപണം ഏതെങ്കിലും ഉന്നതനെതിരെ ഉയർത്തി ഇരു കൂട്ടരെയും പ്രതിരോധത്തിലാക്കുക. അതിലൂടെ

രാഹുൽ വിഷയത്തിൽ ഉണ്ടായ ക്ഷീണം മാറ്റുക

 ഇനി എന്ത്?​

സി.പി.എമ്മിലെ കത്ത് വിവാദവും അതിനു പിന്നാലെ വന്ന മാങ്കൂട്ടത്തിൽ വിവാദവും ഇരു പക്ഷത്തിനും ചെളിവാരിയെറിയാനുള്ള ഊഴമായിരുന്നു. ഇനിയുള്ള കളി കുറച്ച് കടുക്കുമെന്ന സൂചനയാണ് സതീശൻ നൽകുന്നത്. അങ്ങനെയെങ്കിൽ വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയം തീയിലും പുകയിലുമാകും.

ബി.ജി.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ പുറത്തുവിട്ട ഫേസ് ബുക്ക് പോസ്റ്റും ചില സൂചനകൾ നൽകുന്നു. കോൺഗ്രസ് മാതൃക പിന്തുടർന്ന് രാജീവ് ചന്ദ്രശേഖർ ബി.ജെ.പി കോർ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുക്കുമോ എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.