നാവികസേനയ്‌ക്ക് ഇരട്ടച്ചങ്കായി ഹിമഗിരിയും ഉദയഗിരിയും,​ നീറ്റിലിറക്കിയ ഇരട്ട പടക്കപ്പലുകൾ സേനയുടെ ഭാഗമായി

Wednesday 27 August 2025 12:26 AM IST

ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനയ്‌ക്ക് ഇരട്ടക്കരുത്ത് പകരാൻ തദ്ദേശിയമായി നിർമ്മിച്ച യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് ഹിമഗിരിയും ഐ.എൻ.എസ് ഉദയഗിരിയും കമ്മിഷൻ ചെയ്‌തു. ബ്രഹ്‌‌മോസ് മിസൈലുകൾ വിന്ന്യസിച്ച ഇവ ഇന്ത്യയുടെ സമുദ്ര പ്രതിരോധത്തിൽ നിർണായമാകും. വിശാഖപട്ടണം നേവൽ ബേസിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് പരിഷ്‌കരിച്ച ശിവാലിക് വിഭാഗത്തിലുള്ള ഇരു കപ്പലുകളും സേനയുടെ ഭാഗമായത്.

ഐ.എൻ.എസ് ​ഉ​ദ​യ​ഗി​രി​ ​മും​ബ​യി​ലെ​ ​മ​സ​ഗോ​ൺ​ ​ഷിപ്പ് ഡോ​ക്‌യാർഡിലും ഐ.എൻ.എസ് ഹിമഗിരി കൊ​ൽ​ക്ക​ത്ത​യി​ലെ​ ​ഗാ​ർ​ഡ​ൻ​ ​റീ​ച്ച് ​ഷി​പ്പ് ​ബി​ൽ​ഡേ​ഴ്‌​സ് ​ആ​ൻഡ് ​എ​ൻ​ജി​നി​യേ​ഴ്‌സിലുമാണ് (ജി.ആർ.എസ്.ഇ) ​നി​ർ​മ്മി​ച്ചത്. രണ്ട് കപ്പൽശാലകളിൽ നിർമ്മിച്ച രണ്ട് യുദ്ധക്കപ്പലുകൾ ഒരേ സമയം കമ്മിഷൻ ചെയ്യുന്നത് ആദ്യമാണ്. ഇരു കപ്പലുകളിലെയും 75 ശതമാനം ഘടകങ്ങളും ആഭ്യന്തരമായാണ് വികസിപ്പിച്ചത്.

ഉദയ്‌ഗിരി നിർമ്മിച്ചത് 37 മാസത്തിനുള്ളിൽ

 കപ്പലിന്റെ പ്രധാനഭാഗം (ഹൾ) ചെറിയ ഭാഗങ്ങളായി കൊണ്ടുവന്ന് സംയോജിപ്പിച്ചു.

 ചെറിയ ഘടകങ്ങളുടെ നിർമ്മാണം ചെറുകിട കമ്പനികൾക്ക് നൽകി

 ജനുവരിയിൽ കമ്മിഷൻ ചെയ്‌ത ഐ.എൻ.എസ് നീലഗിരിയുടെ തുടർച്ച

 സീരീസിലെ താരാഗിരി, മഹേന്ദ്ര ഗിരി, ധൂണാഗിരി, വിന്ധ്യാഗിരി എന്നിവ പിന്നാലെ

രണ്ട് കപ്പലുകളിലും എട്ട് ബ്രഹ്മോസ് മിസൈൽ

 കപ്പലുകളിൽ എട്ട് ബ്രഹ്മോസ് മിസൈലുകൾ വിന്ന്യസിക്കാം. അധികമായി എട്ട് മിസൈൽ കൂടി ഘടിപ്പിക്കാം

 കരയിൽ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന 16 ഹ്രസ്വദൂര മിസൈലുകൾ

 വിമാനങ്ങളെ വീഴ്‌ത്താൻ ബരാക് മിസൈലുകൾ

 ഡ്രോണുകളെ വെടിവച്ചിടാൻ റഷ്യൻ നിർമ്മിത എ.കെ 630 തോക്ക്, ഇറ്റാലിയൻ ഡെക്ക് തോക്കുകൾ

 അന്തർവാഹിനികളുടെ കണ്ണിൽപ്പെടാതെ നിശബ്‌ദമായി നീങ്ങും

 ശത്രു നീക്കമറിയാൻ ഇസ്രായേലി പ്രൈമറി റഡാർ

 സ്പാനിഷ് എയർ സെർച്ച് റഡാർ, ഇന്തോ-ഇസ്രായേൽ വ്യോമ പ്രതിരോധ സംവിധാനം

 നിരീക്ഷണത്തിനും അടിയന്തര ദൗത്യങ്ങൾക്കും ഇന്ത്യൻ നിർമ്മിത ധ്രുവിന് പുറമെ സീ ഹോക്ക് പോലെ യു.എസ് ഹെലികോപ്ടറുകളും