'മേക്ക് ഇൻ ഇന്ത്യ' ; സമ്മർദ്ദങ്ങൾ അതിജീവിക്കും:മോദി
ന്യൂഡൽഹി: എല്ലാവരും 'ഇന്ത്യയിൽ നിർമ്മിച്ച' വസ്തുക്കൾ ഉപയോഗിക്കുന്നത് ശീലമാക്കിയാൽ ബാഹ്യ സമ്മർദ്ദങ്ങൾ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ് അധിക തീരുവ ഇന്ന് മുതൽ നിലവിൽ വരുന്ന സാഹചര്യത്തിലാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രധാനമന്ത്രിയുടെ പ്രസ്‌താവന.
'സമ്മർദ്ദം വർദ്ധിച്ചേക്കാമെങ്കിലും ഇന്ത്യ അത് മറികടക്കും. കർഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും മൃഗപാലകരുടെയും താത്പര്യങ്ങളിൽ സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. നിങ്ങളുടെ താൽപ്പര്യങ്ങൾ മോദിക്ക് പരമപ്രധാനമാണെന്ന് വീണ്ടും വാഗ്ദാനം ചെയ്യുന്നു. ഒരു ദോഷവും വരുത്താൻ എന്റെ സർക്കാർ ഒരിക്കലും അനുവദിക്കില്ല. സമ്മർദ്ദം എത്ര കൂടിയാലും അതു ചെറുക്കാനുള്ള ശക്തി വർദ്ധിപ്പിച്ചു കൊണ്ടിരിക്കും'-അദ്ദേഹം
പറഞ്ഞു.
ഇന്ത്യയിൽ നിർമ്മിക്കും:
ലോകത്തിന് വേണ്ടി
'ഇന്ത്യയിൽ നിർമ്മിക്കും, ലോകത്തിന് വേണ്ടി' എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ മുന്നേറുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദിൽ മാരുതി സുസുകിയുടെ ഇലക്ട്രിക് കാർ, ബാറ്ററി പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ നിർമ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. മേക്ക് ഇൻ ഇന്ത്യ ആഗോള, ആഭ്യന്തര നിർമ്മാതാക്കൾക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിച്ചു. ഇന്ത്യയ്ക്ക് ജനാധിപത്യത്തിന്റെയും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെയും കരുത്തുണ്ട്. ഇത് എല്ലാ മേഖലയിലും സ്വയം പര്യാപ്തതയിലേക്ക് കുതിക്കാൻ നമ്മെ പ്രാപ്തരാക്കും.ജപ്പാനിലെ സുസുകി ഇന്ത്യയിൽ കാർ നിർമ്മിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതു പോലെ മറ്റു നിരവധി കമ്പനികളും ലോകത്തിനായി ഇന്ത്യയിൽ
നിർമ്മിക്കുമെന്നും മോദി പറഞ്ഞു.