വോട്ടർ അധികാർ യാത്രയ്‌ക്ക് ആവേശമായി പ്രിയങ്കയും
ന്യൂഡൽഹി: നിയമസഭാ നടക്കാൻ പോകുന്ന ബീഹാറിൽ വോട്ടു മോഷണം മുദ്രാവാക്യമാക്കി സഹോദരനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി നടത്തുന്ന വോട്ടർ അധികാർ യാത്രയ്‌ക്ക് സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും അണി ചേർന്നു. ഇന്ന് ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ യാത്രയിൽ പങ്കെടുക്കും.
ഒരു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ബീഹാറിലെ സുപോളിൽ പുനഃരാരംഭിച്ച യാത്രയിൽ രാഹുലിനൊപ്പം തുറന്ന ജീപ്പിനു മുകളിൽ പ്രിയങ്കയും ജനങ്ങളെ അഭിവാദ്യം ചെയ്‌തു. പിന്നീട് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ഇരുവർക്കൊപ്പം ചേർന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഇന്നലെ യാത്രയിലുണ്ടായിരുന്നു.
വോട്ട് മോഷണം
ഗുജറാത്ത് മുതൽ
ഗുജറാത്ത് മുതൽ തുടങ്ങിയ വോട്ട് മോഷണമാണ് ബി.ജെ.പി ഇപ്പോഴും തുടരുന്നതെന്ന് രാഹുൽ മധുബനിയിൽ നടന്ന പൊതുയോഗത്തിൽ പറഞ്ഞു. രാജ്യത്ത് എൻ.ഡി.എ സർക്കാർ 40-50 വർഷം നിലനിൽക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയുടെ പൊരുൾ ഇപ്പോളാണ് പിടികിട്ടിയത്. നമ്മളെല്ലാവരും രാഷ്ട്രീയക്കാരാണ്. പൊതുജനങ്ങൾ എന്തുചെയ്യുമെന്ന് ആ വ്യക്തിക്ക് എങ്ങനെ അറിയാം. വിചിത്രമായ പ്രസ്താവനയാണത്. പ്രസ്‌താവനയുടെ പൊരുൾ ഇന്ന് രാജ്യത്തിനറിയാം. ഗുജറാത്തിൽ ആരംഭിച്ച വോട്ട് മോഷണമാണ് 2014ൽ ദേശീയ തലത്തിലെത്തിയത്. പിന്നീട് സംസ്ഥാനങ്ങൾ പിടിച്ചു. പഴ്സിൽ നിന്ന് ആരെങ്കിലും 10 രൂപ മോഷ്ടിച്ചാൽ പെട്ടെന്ന് മനസിലാകില്ല. 1,000 രൂപ അപ്രത്യക്ഷമായാൽ മോഷ്‌ടിക്കപ്പെട്ടെന്ന് അറിയും. അതാണ് വോട്ട് മോഷണത്തിൽ സംഭവിച്ചത്.