ജുഡിഷ്യറിക്കുമേൽ കരിനിഴൽ:സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ട്രൈബ്യൂണൽ ജഡ്‌ജി

Wednesday 27 August 2025 1:30 AM IST

ന്യൂഡൽഹി: ഒരു കേസിൽ ഉന്നത ജുഡിഷ്യറിയിലെ ജഡ്‌ജി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ട്രൈബ്യൂണൽ ജഡ്‌ജിയുടെ വെളിപ്പെടുത്തൽ. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ അനന്തരവനെ ബോംബെ ഹൈക്കോടതി ജഡ്‌ജിയാക്കാൻ ശുപാർശ. ഗുജറാത്ത് സ്വദേശിയും പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ വിപുൽ മനുഭായി പഞ്ചോലിയെ സീനിയോറിറ്റി മറികടന്ന് സുപ്രീംകോടതി ജഡ്‌ജിയാക്കുന്നതിൽ വിയോജിച്ച് ജസ്റ്റിസ് നാഗരത്ന. ഇന്ത്യൻ ജുഡിഷ്യറി മേഖലയിൽ നിന്ന് ഇന്നലെ പുറത്തുവന്നത് അസാധാരണ സംഭവങ്ങൾ.

ഒരു കേസിൽ പ്രത്യേക കക്ഷിക്ക് അനുകൂലമായി ഉത്തരവിടണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ഉന്നത ജുഡിഷ്യറിയിലെ ജഡ്‌ജി തന്നെ സമീപിച്ചതായി ദേശീയ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണൽ ചെന്നൈ ബെഞ്ചിലെ ജസ്റ്റിസ് ശരദ്കുമാർ ശർമ്മയാണ് വെളിപ്പെടുത്തിയത്. വലിയ മനോവിഷമത്തോടെയാണ് ഇക്കാര്യം പറയുന്നതെന്നും ആ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറുകയാണെന്നും ഉത്തരവിൽ എഴുതി.

എന്നാൽ, സ്വാധീനിക്കാൻ വിളിച്ച ജഡ്‌ജിയുടെ പേരോ ഏതു കക്ഷിക്ക് വേണ്ടിയാണ് വിളിച്ചതെന്നോ വ്യക്തമാക്കിയില്ല. ഉചിതമായ ബെഞ്ചിലേക്ക് വിടാൻ കേസ് ട്രൈബ്യൂണൽ ചെയർപേഴ്സണ് കൈമാറി. കെ.എൽ.എസ്.ആർ ഇഫ്രാടെക് കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ട ഡയറക്‌ടർ അട്ടലുരു ശ്രീനിവാസുലു റെഡ്‌ഡിയും, എ.എസ് മെറ്റ് കോർപ്പറേഷനും തമ്മിലുള്ള കേസാണിത്. ആഗസ്റ്റ് 13ലെ ഉത്തരവ് ഇന്നലെയാണ് പുറത്തുവന്നത്.

കൊളീജിയം പട്ടികയിൽ അനന്തരവനും

ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിയുടെ അനന്തരവനായ അഡ്വ.രാജ് ദാമോദർ വകോഡെയെ ബോംബെ ഹൈക്കോടതി ജഡ്‌ജിയാക്കാൻ ശുപാർശ ചെയ്തത് കഴിഞ്ഞ 19ന് ചേർന്ന സുപ്രീംകോടതി കൊളീജിയമാണ്. മറ്റ് 13 അഭിഭാഷകരുടെ പേരിനൊപ്പം വകോഡെയേയും ഉൾപ്പെടുത്തുകയായിരുന്നു. അന്നത്തെ കൊളീജിയം യോഗത്തിൽ ചീഫ് ജസ്റ്റിസ് പങ്കെടുത്തില്ലെന്നും സൂചനയുണ്ട്.

സീനിയോറിട്ടി മറികടന്നു, വിയോജിച്ച് നാഗരത്ന

ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് അരാദെ, പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ മനുഭായി പഞ്ചോലി എന്നിവരെ സുപ്രീംകോടതി ജ‌ഡ്‌ജിമാരാക്കാൻ തിങ്കളാഴ്ച ചേർന്ന കൊളീജീയം തീരുമാനിച്ചിരുന്നു. ദേശീയ സീനിയോറിറ്റിയിൽ 57ാം സ്ഥാനത്തുള്ള ഗുജറാത്തുകാരനായ പഞ്ചോലിയെ മറ്റു മികച്ച ജഡ്‌ജിമാരെ മറികടന്ന് നിയമിക്കുന്നതിൽ കൊളീജിയം അംഗമായ ജസ്റ്റിസ് ബി.വി.നാഗരത്ന വിയോജിച്ചു. ഗുജറാത്തിൽ നിന്നുള്ള രണ്ടു ജഡ്‌ജിമാ‌ർ നിലവിൽ സുപ്രീംകോടതിയിലുണ്ടെന്നും പ്രാതിനിധ്യം ഇല്ലാത്ത സംസ്ഥാനങ്ങളിൽ നിന്ന് നിയമിക്കണമെന്നും അഭിപ്രായപ്പെട്ടു. അഞ്ചംഗങ്ങളുള്ള കൊളീജിയത്തിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, ജെ.കെ.മഹേശ്വരി എന്നിവർ ഇതിനോട് യോജിച്ചില്ല.

കേരളത്തിൽ നിന്ന് ഒരു ജഡ്ജി മാത്രം

1.ജാർഖണ്ഡ്, ഒഡിഷ, ജമ്മുകാശ്‌മീർ,​ ഉത്തരാഖണ്ഡ്,​ മേഘാലയ,​ സിക്കിം,​ ത്രിപുര ഹൈക്കോടതികളിൽ നിന്ന് ഒരു ജ‌ഡ്‌ജി പോലും സുപ്രീംകോടതിയിലില്ല. കേരളത്തിൽ നിന്നുള്ളത് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ മാത്രം

2.സുപ്രീംകോടതി കൊളീജിയത്തിന്റെ സുതാര്യതയിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കൺവീനറായുള്ള ക്യാമ്പയിൻ ഫോർ ജുഡിഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് ആശങ്ക രേഖപ്പെടുത്തി