ഇ.ഡി അന്വേഷണം: ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഇ.ഡി അന്വേഷണത്തിന് ഉത്തരവിടാൻ ദേശീയ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന് സുപ്രീംകോടതി. ഗംഗാ നദിയിലേക്ക് മാലിന്യം തള്ളുന്നതിൽ ഹരിത ട്രൈബ്യൂണൽ സി.എൽ. ഗുപ്‌ത എക്‌സ്‌പോർട്ട് ലിമിറ്റഡിന് 50 കോടി പിഴയിടുകയും, ഇ.ഡി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തിരുന്നു. ഇതിനെതിരെ കമ്പനി സമർപ്പിച്ച ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഇ.ഡി അന്വേഷണ നിർദ്ദേശം റദ്ദാക്കി.
ഒരു സ്ഥാപനത്തിനെതിരെയും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടാൻ ട്രൈബ്യൂണലിന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 2010ലെ ദേശീയ ഹരിത ട്രൈബ്യൂണൽ നിയമത്തിന്റെ പരിധിയിൽ വേണം ട്രൈബ്യൂണൽ പ്രവർത്തിക്കാൻ. ഇ.ഡി അന്വേഷണത്തിന് ഉത്തരവിടാൻ പ്രത്യേക കോടതികൾക്കും ഹൈക്കോടതിക്കും സുപ്രീംകോടതിക്കും മാത്രമേ അധികാരമുള്ളൂവെന്നും കോടതി കൂട്ടിച്ചേർത്തു.