ചേരിതിരിഞ്ഞ് പ്രസ്‌താവനയിറക്കി റിട്ടയേർഡ് ജഡ്‌ജിമാർ

Wednesday 27 August 2025 12:58 AM IST

ന്യൂഡൽഹി: 'ഇന്ത്യ' മുന്നണിയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്‌ഡിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തിന്റെ പേരിൽ ചേരിതിരിഞ്ഞ് പ്രസ്‌താവനയിറക്കി റിട്ടയേർഡ് ജഡ്‌ജിമാർ. ഛത്തീസ്ഗഢിൽ പൊലീസിനൊപ്പം നക്‌സലുകൾക്കെതിരെ പോരാടിയ സാൽവാ ജുദൂം സായുധസംഘത്തെ പിരിച്ചുവിടാൻ സുപ്രീംകോടതി ജഡ്‌ജിയായിരിക്കെ സുദർശൻ റെഡ്‌ഡി ഉത്തരവിട്ടിരുന്നു. അന്ന് ആ വിധി വന്നില്ലായിരുന്നുവെങ്കിൽ 2020 അവസാനത്തോടെ നക്‌സലിസം അവസാനിക്കുമായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞതിനെതിരെ 18 റിട്ടയേർഡ് ജഡ്‌ജിമാർ പ്രസ്‌താനയിറക്കിയിരുന്നു. ഈ പ്രസ്‌താവനയ്‌ക്കെതിരെ ഇന്നലെ 56 മുൻ ജഡ്‌ജിമാർ രംഗത്തെത്തി. രാഷ്ട്രീയ പക്ഷപാതമാണ് 18 റിട്ടയേർഡ് ജഡ്‌ജിമാരുടെ ഭാഷയിൽ കാണുന്നതെന്ന്, സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് ഉൾപ്പെടെ പുറത്തിറക്കിയ പ്രസ്‌താവനയിൽ ആരോപിച്ചു.