ഗണഗീതം ആലപിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഡി.കെ
ബംഗളൂരു: കർണാടക നിയമസഭയിൽ ആർ.എസ്.എസ് ഗണഗീതം പാടിയതിൽ ഖേദം പ്രകടിപ്പിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. താൻ ബി.ജെ.പിയുടെ കാലുവാരാൻ ശ്രമിച്ചതാണെന്നും എന്നാൽ അത് തന്റെ ഏതെങ്കിലും സുഹൃത്തുക്കൾക്ക് വിഷമമുണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഡി.കെ പറഞ്ഞു. ഡി.കെ ഗണഗീതം പാടുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ കോൺഗ്രസിനകത്തും പുറത്തും വലിയ വിവാദമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണിത്. 'ഞാൻ ബി.ജെ.പിയുടെ കാലുവാരാനാണ് ശ്രമിച്ചത്. പക്ഷേ അതിനെ ചിലർ രാഷ്ട്രീയമായി വ്യാഖ്യാനിച്ചു. പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചു. അവരുടെ വികാരം വ്രണപ്പെടുത്താൻ താത്പര്യമില്ല. അവരോട് ക്ഷമ ചോദിക്കുന്നു. ഗാന്ധി കുടുംബം ആരാലും ചോദ്യംചെയ്യപ്പെടരുത്. ഞാൻ ജനിച്ചത് കോൺഗ്രസുകാരനായിട്ടാണ്. മരിക്കുമ്പോഴും കോൺഗ്രസുകാരനായിരിക്കും. എന്നെ പിന്തുണയ്ക്കുന്ന നിരവധി പേർ പല പാർട്ടികളിലുമുണ്ട്. അവരെ ആരെയും വേദനിപ്പിക്കാൻ താത്പര്യമില്ല' -ശിവകുമാർ പറഞ്ഞു.