വേമ്പനാട്ടുകായലിൽ മീൻ കൂട്ടാൻ കേന്ദ്രം
കോട്ടയം: വേമ്പനാട്ടുകായലിലെയും കുട്ടനാട് അപ്പർകുട്ടനാടൻ പ്രദേശങ്ങളിലെ ആറുകളിലെയും തോടുകളിലെയും മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ സഹായത്തോടെയുള്ള പദ്ധതി വരുന്നു. കായൽ മത്സ്യ സമ്പത്തിലുണ്ടായ കുറവും നാടൻ മത്സ്യങ്ങൾ ഇല്ലാതാവുന്ന സാഹചര്യത്തിലുമാണ് പദ്ധതി.
നെൽകൃഷിയുമായി ചേർന്നുള്ള സംയോജിത മത്സ്യ കൃഷി, കൂടു മത്സ്യ കൃഷി , ഒരു മത്സ്യം ഒരു നെല്ല് (വർഷത്തിൽഒരു തവണ നെൽകൃഷിയും കൊയ്തു കഴിഞ്ഞ പാടങ്ങളിൽ ഒരു തവണ മത്സ്യ കൃഷിയും ) ബയോ ഫ്ലോക്ക് മത്സ്യകൃഷി എന്നിവയടങ്ങുന്നതാണ് പൈലറ്റ് പ്രൊജക്ട്.
കർഷകർക്ക് ഇതിനാവശ്യമായ പരിശീലനം നൽകും.കൃഷിക്കു പുറമേ മത്സ്യ സംസ്കരണം, പാക്കിംഗ്, വിപണനം എന്നിവയിൽ സംരഭകരാകാൻ സഹായിക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഉത്പന്നങ്ങളുടെ മൂല്യം വർദ്ധിപ്പിക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്കും പ്രോത്സാഹനം നൽകും. പദ്ധതിയുടെ ഭാഗമായി മത്സ്യകർഷകരെ ശാക്തീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനമായി മത്സ്യ കർഷക ഉത്പാദക സംഘടനകൾ (എഫ്.എഫ്.പി .ഒകൾ ) രൂപീകരിക്കും .
ശുദ്ധജലത്തിലും ഓരു ജലത്തിലുംപ്രത്യേകമായാണ് പദ്ധതികൾ. ഐ.സി.എ.ആർ ഗവേഷണ സ്ഥാപനങ്ങൾ ,കേന്ദ്ര ഏജൻസികൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ എന്നിവയുടെ സാങ്കേതികവും ശാസ്ത്രീയവുമായ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുക. വിദഗ്ദ്ധരുടെ മേൽ നോട്ടത്തിൽ കർഷകരെ പങ്കാളികളാക്കിയാണ് കൃഷി രീതികൾ പ്രചരിപ്പിക്കുക.
കൈയ്യേറ്റവും മലിനീകരണവും വില്ലൻമാരായി
കായൽ കൈയ്യേറ്റവും, മലിനീകരണവും നെൽകൃഷിയുടെ ഭാഗമായി രാസ,കീടനാശിനി പ്രയോഗവും മത്സ്യ സമ്പത്തിനെ പ്രതികൂലമായി ബാധിച്ചു. കരിമീൻ,വാള ,പൂളോൻ , വറ്റ, നങ്ക്, മൊരശ് , പൂമീൻ,ചെമ്മീൻ, കൊഞ്ച് തുടങ്ങിയ കായൽ മത്സ്യ സമ്പത്തിൽ വൻകുറവുണ്ടായി. വെള്ളപ്പൊക്കത്തിൽ വളർത്തു മീനുകളായ കാരി, ആറ്റുവാള, തിലോപ്പിയ, കൂരി ,രോഹു തുടങ്ങിയവ കായലിലെത്തി.ഇവ നാടൻ മത്സ്യ സമ്പത്തിന് ഭീഷണിയുമാണ്. കുമരകം കാർഷിക ഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ.കെ.ജി പത്മകുമാറിന്റെ നേതൃത്വത്തിൽ വർഷങ്ങൾക്കു മുമ്പ് മത്സ്യ കുഞ്ഞങ്ങളെ കായലിൽ നിക്ഷേപിച്ചാണ് കരിമീൻ , മഞ്ഞക്കൂരി എന്നിവയുടെ വംശവർദ്ധനവിന് വഴിയൊരുക്കിയത് തന്നെ.
കുട്ടനാട്ടിലെ കർഷകരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം . പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് ഉടൻ തയ്യാറാക്കും.
ജോർജ് കുര്യൻ (കേന്ദ്ര ഫിഷറീസ് സഹമന്ത്രി )