ഗാസയിലെ ആശുപത്രി ആക്രമണം: ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധം  കൊല്ലപ്പെട്ടത് 5 മാദ്ധ്യമപ്രവർത്തകർ അടക്കം 21 പേർ  ഖേദം പ്രകടിപ്പിച്ച് നെതന്യാഹു

Wednesday 27 August 2025 6:56 AM IST

ടെൽ അവീവ് : ഗാസയിൽ അഞ്ച് മാദ്ധ്യമ പ്രവർത്തകർ അടക്കം 21 പേരുടെ ജീവനെടുത്ത ഇസ്രയേൽ ആക്രമണത്തിനെതിരെ ആഗോളതലത്തിൽ വ്യാപക പ്രതിഷേധം. ആക്രമണത്തെ യാതൊരു വിധത്തിലും ന്യായീകരിക്കാനാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ പ്രതികരിച്ചു.

ആക്രമണത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. ചൈന, ഓസ്ട്രേലിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു. തിങ്കളാഴ്ചയാണ് തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രിക്ക് നേരെ ഇസ്രയേലിന്റെ ഇരട്ട വ്യോമാക്രമണമുണ്ടായത്.

റോയിട്ടേഴ്സ്, അസോസിയേറ്റഡ് പ്രസ്, അൽ ജസീറ, മിഡിൽ ഈസ്റ്റ് ഐ എന്നിയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന പാലസ്തീനിയൻ മാദ്ധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. നാല് ആരോഗ്യ പ്രവർത്തകരുടെ മരണം ലോകാരോഗ്യ സംഘടനയും സ്ഥിരീകരിച്ചു.

അതേ സമയം, ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. സംഭവം ദാരുണമായ അപകടമാണെന്നും സൈന്യം സമഗ്രമായ അന്വേഷണം ആരംഭിച്ചെന്നും നെതന്യാഹു പ്രതികരിച്ചു. സംഭവത്തിൽ മാദ്ധ്യമ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെട്ടതിൽ ഖേദിക്കുന്നതായി ഇസ്രയേൽ സൈന്യവും പ്രതികരിച്ചു. യുദ്ധം തുടങ്ങിയത് മുതൽ 278 മാദ്ധ്യമ പ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടെന്ന് ഹമാസ് പറയുന്നു. ഹമാസ് കണക്കുകൾ പെരുപ്പിച്ച് കാട്ടുന്നെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തുന്നു.

# മരണം 62,820

ഇന്നലെ 60ഓളം പേർ കൊല്ലപ്പെട്ടതോടെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 62,820 കടന്നു. 24 മണിക്കൂറിനിടെ മൂന്ന് പേർ കൂടി മരിച്ചതോടെ ഗാസയിലെ പട്ടിണി മരണം 303 ആയി. ഇതിൽ 117 പേർ കുട്ടികളാണ്. ഇന്നലെ വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ ഇസ്രയേൽ സൈന്യം നടത്തിയ റെയ്ഡിനിടെയുണ്ടായ വെടിവയ്പിൽ 18 പാലസ്തീനികൾക്ക് പരിക്കറ്റു.

അതേ സമയം, ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ ജനങ്ങൾ പ്രതിഷേധവുമായി ഇന്നലെ ഇസ്രയേലി തെരുവുകളിലിറങ്ങി. ഹൈവേകൾ തടഞ്ഞു. ആക്രമണം ഉടൻ അവസാനിപ്പിച്ച് ബന്ദികളെ തിരിച്ചെത്തിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.