ഇന്ത്യ-പാക് സംഘർഷം: അവകാശവാദം ആവർത്തിച്ച് ട്രംപ്
Wednesday 27 August 2025 7:09 AM IST
വാഷിംഗ്ടൺ : പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ-പാക് സംഘർഷം അവസാനിച്ചത് തന്റെ ഭീഷണിക്ക് വഴങ്ങിയെന്ന് ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 24 മണിക്കൂറിനുള്ളിൽ വെടിനിറുത്തൽ കരാർ നടപ്പാക്കിയില്ലെങ്കിൽ ഇരു രാജ്യങ്ങളുമായുള്ള യു.എസിന്റെ വ്യാപാര ബന്ധം നിറുത്തുമെന്ന് ഭീഷണി മുഴക്കിയതായി ട്രംപ് പറഞ്ഞു. സംഘർഷത്തിനിടെ 7 വിമാനങ്ങൾ വെടിവച്ചിട്ടെന്ന് അവകാശപ്പെട്ട ട്രംപ്, അവ ഏത് രാജ്യത്തിന്റേതാണെന്ന് വ്യക്തമാക്കിയില്ല. നേരത്തെ, വെടിവച്ചിട്ട വിമാനങ്ങളുടെ എണ്ണം അഞ്ച് ആണെന്ന് പറഞ്ഞ ട്രംപ് പിന്നീടത് ആറെണ്ണമാണെന്നും വാദിച്ചിരുന്നു. സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന ട്രംപിന്റെ വാദങ്ങളെ ഇന്ത്യ നേരത്തെ തള്ളിയിരുന്നു.