റെനിലിന് ജാമ്യം
കൊളംബോ: അധികാരത്തിലിരിക്കെ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തെന്ന കുറ്റത്തിന് അറസ്റ്റിലായ ശ്രീലങ്കൻ മുൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയ്ക്ക് (76) ജാമ്യം അനുവദിച്ചു. കൊളംബോയിലെ നാഷണൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന റെനിൽ ഇന്നലെ വീഡിയോ മാർഗ്ഗം കോടതി നടപടികളുടെ ഭാഗമായി. റെനിലിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിശദ റിപ്പോർട്ട് അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ സമർപ്പിച്ചു. ഹൃദ്രോഗം അടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ റെനിലിനുണ്ട്. റെനിൽ ഏതാനും ദിവസങ്ങൾ കൂടി ആശുപത്രിയിൽ തുടരും. അതേസമയം,കേസ് ഒക്ടോബർ 29ന് കോടതി വീണ്ടും പരിഗണിക്കും. വെള്ളിയാഴ്ചയാണ് റെനിൽ അറസ്റ്റിലായത്.
റിമാൻഡ് ചെയ്യപ്പെട്ട അദ്ദേഹത്തെ വേലിക്കാട ജയിലിലേക്ക് മാറ്റിയെങ്കിലും രക്തസമ്മർദ്ദം ഉയർന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2023ൽ ലണ്ടനിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർ ഖജനാവിലെ 1.6 കോടി ശ്രീലങ്കൻ രൂപ ഉപയോഗിച്ചെന്നാണ് റെനിലിന് മേലുള്ള കുറ്റം. ആരോപണം റെനിൽ നിഷേധിക്കുന്നു. മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയടക്കം പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ റെനിലിന്റെ അറസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു.
റെനിലിനെതിരെ രാഷ്ട്രീയ വേട്ടയാടൽ നടത്തുകയാണെന്ന് ഇവർ ആരോപിക്കുന്നു. ഇന്നലെ കോടതിയുടെ പുറത്ത് പ്രതിപക്ഷം സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റു. ശ്രീലങ്കയുടെ ചരിത്രത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ മുൻ പ്രസിഡന്റാണ് റെനിൽ.