ഇന്ത്യ-യു.എസ് ഉദ്യോഗസ്ഥർ ചർച്ച നടത്തി
Wednesday 27 August 2025 7:09 AM IST
ന്യൂഡൽഹി: തീരുവ വിഷയത്തിൽ പിരിമുറുക്കങ്ങൾ തുടരുന്നതിനിടെ വിദേശകാര്യ, പ്രതിരോധ ഉദ്യോഗസ്ഥതല ചർച്ച നടത്തി ഇന്ത്യയും യു.എസും. വിദേശകാര്യ മന്ത്രാലയ അഡീഷണൽ സെക്രട്ടറി (അമേരിക്കാസ്) നാഗരാജ് നായിഡു കാക്കനൂർ, പ്രതിരോധ മന്ത്രാലയ ജോയിന്റ് സെക്രട്ടറി വിശ്വേഷ് നേഗി (അന്താരാഷ്ട്ര സഹകരണം) എന്നിവരാണ് യു.എസ് സ്റ്റേറ്റ്, ഡിഫൻസ് ഡിപ്പാർട്ട്മെന്റുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഇന്നലെ വെർച്വൽ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ-യു.എസ് പ്രതിരോധ പങ്കാളിത്തത്തിനായുള്ള പദ്ധതിയും വ്യാപാരം, നിക്ഷേപം, ഊർജ്ജ സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. ക്വാഡ് കൂട്ടായ്‌മയിലൂടെ സുരക്ഷിതമായ ഇന്തോ-പസഫിക് മേഖലയ്‌ക്കായുള്ള പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.