'ഒൺലി ഫാഫ എന്ന് പറഞ്ഞപ്പോൾ എനിക്ക് ചെറിയ സംശയം ഉണ്ടായിരുന്നു, പക്ഷേ മോഹൻലാലിന്റെ പ്രതികരണം എന്നെ ഞെട്ടിച്ചു'

Wednesday 27 August 2025 10:18 AM IST

മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന 'ഹൃദയപൂർവ്വം' എന്ന ചിത്രം നാളെയാണ് തിയേറ്ററുകളിൽ എത്തുന്നത്. ഇരുവരും ഒരുമിക്കുന്ന ഇരുപതാമത്തെ ചിത്രമായ ഹൃദയപൂർവ്വത്തിൽ മാളവിക മോഹനനാണ് നായിക. ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിയൽ ചർച്ചയാകുന്നത്. 'ഹൃദയപൂർവം' ചിത്രത്തിന്റെ ടീസറിൽ ഫഹദ് ഫാസിലിനെക്കുറിച്ച് പറയുന്ന ഒരു സീനുണ്ട്. ഇതിനെക്കുറിച്ചാണ് സത്യൻ അന്തിക്കാട് പറയുന്നത്. കഴിഞ്ഞ ദിവസം ഒരു ഓൺലെെൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

'ആദ്യം ഈ സീൻ പറഞ്ഞപ്പോൾ എനിക്ക് ചെറിയ സംശയം ഉണ്ടായിരുന്നു. കാരണം ഒരു സീനിയർ നടന്റെ മുന്നിൽ വച്ച് 'ഒൺലി ഫാഫ' എന്ന് പറയുമ്പോൾ അത് എങ്ങനെ ഉൾക്കൊള്ളുമെന്ന സംശയമായിരുന്നു അത്. പക്ഷേ ലാൽ അത് ഭയങ്കരമായി എൻജോയ് ചെയ്തു. ആദ്യം ഞാൻ ഇത് പറഞ്ഞപ്പോൾ പൊട്ടിച്ചിരിക്കുകയായിരുന്നു അദ്ദേഹം. ടീസറും ഞാൻ ആദ്യം കാണിച്ചതു. സൂപ്പർ ഇത് മതിയെന്നാണ് പറഞ്ഞത്' - സത്യൻ അന്തിക്കാട് വ്യക്തമാക്കി.

ചിത്രത്തിന്റെ ടീസറിന്റെ തുടക്കം ഫഹദ് ഫാസിലിന്റെ ആരാധകനുമായി മോഹൻലാലിന്റെ കഥാപാത്രം സംസാരിക്കുന്നതാണ്. മോഹൻലാലിനോട് ഒരു ഹിന്ദിക്കാരൻ താൻ മലയാള സിനിമ ആരാധകനാണെന്നും ഫാഫയെയാണ് ഏറ്റവും ഇഷ്ടമെന്നും പറയുന്നു. ആരാണ് 'ഫാഫ 'എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ ഫഹദ് ഫാസിൽ എന്നാണ് അയാൾ ഉത്തരം പറയുന്നത്. മലയാളത്തിൽ വേറെയും സീനിയർ നടന്മാരുണ്ടെന്നും മോഹൻലാൽ ടീസറിൽ പറയുന്നുണ്ട്. ഈ ടീസർ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഇതിനെക്കുറിച്ചാണ് സത്യൻ അന്തിക്കാട് പറഞ്ഞത്.

സംഗീത, ലാലുഅലക്സ്, ബാബുരാജ്, സ്രിന്ധ, സംഗീത് പ്രതാപ്, സബിത ആനന്ദ് തുടങ്ങിയവരാണ് 'ഹൃദയപൂർവം' ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മീര ജാസ്മിൻ, ബേസിൽ ജോസഫ് എന്നിവർ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടിപി സോനു തിരക്കഥ ഒരുക്കുന്നു. അനു മൂത്തേടത്ത് ആണ് ഛായാഗ്രഹണം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. 2015ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' ആണ് മോഹൻലാൽ -സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.