ചെറുപ്രായത്തിലേ ലക്ഷണങ്ങൾ കണ്ടുതുടങ്ങും; മലയാളികളുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്, അവഗണിക്കരുത്

Wednesday 27 August 2025 11:22 AM IST

കേരളത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെ വലിയ കാലാവസ്ഥാ വ്യതിയാനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പണ്ടുകാലത്ത് സ്ഥിരമായി മഴക്കാലം, വേനൽക്കാലം എന്നെല്ലാം പറയാമായിരുന്നെങ്കിലും ഇപ്പോൾ അങ്ങനെയല്ല. അപ്രതീക്ഷിതമായി കൊടും മഴയും വെള്ളപ്പൊക്കവും പ്രളയവുമെല്ലാം ഉണ്ടാകുന്നു. ഇതിൽ പ്രധാനമാണ് ഉഷ്‌ണതരംഗങ്ങൾ. മുൻ കാലങ്ങളെ അപേക്ഷിച്ച് അസഹനീയമായ ചൂടാണ് കേരളത്തിൽ പലപ്പോഴും അനുഭവപ്പെടുന്നത്. ഈ ഉഷ്‌ണതരംഗങ്ങൾ അസ്വസ്ഥതകൾ ഉണ്ടാക്കുക മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നത്.

നിർജലീകരണം മാത്രമല്ല ഹീറ്റ് സ്‌ട്രോക്ക് പോലുള്ള ഗുരുതരാവസ്ഥകൾ ശരീരത്തിൽ ഉണ്ടായേക്കാം. കടുത്ത ചൂട് നിരന്തരം ഏൽക്കുന്നത് വാർദ്ധക്യത്തെ ത്വരിതപ്പെടുത്തുന്നുവെന്നാണ് പുതിയ ഗവേഷണങ്ങൾ കാണിക്കുന്നത്. പുകവലി, മദ്യപാനം, തെറ്റായ ഭക്ഷണക്രമം എന്നിവയെപ്പോലെ തന്നെ ഉഷ്‌ണതരംഗവും വാർദ്ധക്യം നേരത്തെ എത്താൻ കാരണമാകുന്നുവെന്നാണ് പുതിയ ഗവേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.

ഉഷ്‌ണതരംഗവും വാർദ്ധക്വവും തമ്മിലെ ബന്ധം

യഥാർത്ഥത്തിലുള്ള പ്രായവും ഒരാളുടെ ബയോളജിക്കൽ ഏജും തമ്മിൽ വ്യത്യാസമുണ്ട്. അവയവങ്ങളുടെ പ്രവർത്തനം, കൊളസ്‌ട്രോൾ, രക്തസമ്മർദം, കോശത്തിന്റെ ആരോഗ്യക്കുറവ് എന്നിവ കണ്ടുതുടങ്ങുന്നത് നേരത്തേ 60 വയസ് കഴിഞ്ഞവരിലാണ്. ഇത് വാർദ്ധക്യത്തിൽ വരുന്ന പ്രശ്‌നങ്ങളാണ്. എന്നാൽ, ചെറുപ്രായത്തിലേ ഈ പ്രശ്‌നങ്ങൾ കാണുന്നെങ്കിൽ നിങ്ങളുടെ ബയോളജിക്കൽ ഏജ് 60 കഴിഞ്ഞു എന്നാണ് കാണിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ വച്ചാണ് ഇത് കണക്കാക്കുന്നത്.

ബയോളജിക്കൽ ഏജ് യഥാർത്ഥത്തിലുള്ള പ്രായത്തിനേക്കാൾ കൂടുതലാകുമ്പോൾ ശരീരം വളരെ വേഗം ക്ഷീണിക്കുകയും വിട്ടുമാറാത്ത രോഗങ്ങൾ വരികയും മരണസാദ്ധ്യത വർദ്ധിക്കുകയും ചെയ്യുന്നു. അന്തരീക്ഷത്തിൽ ചൂട് കൂടുന്നത് ബയോളജിക്കൽ ഏജ് കൂടാൻ കാരണമാകുന്നു. നിങ്ങൾ നാല് ദിവസം അധിക താപനിലയിൽ ജീവിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ബയോളജിക്കൽ ഏജിൽ ഒമ്പത് ദിവസം കൂടാൻ കാരണമാകുന്നുവെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പുറത്ത് വെയിലേറ്റ് ജോലി ചെയ്യുന്നവരിൽ ഈ പ്രശ്‌നം ഗുരുതരമാകും. ഇങ്ങനെയുള്ളവർ നാല് ദിവസം അധിക താപനിലയേറ്റാൽ അവരുടെ ബയോളജിക്കൽ ഏജ് ഒരു മാസത്തിലധികം കൂടും.

നഗരങ്ങളിൽ താമസിക്കുന്നവർക്ക് മാത്രമല്ല, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവ‌ർക്കും ഇതേ പ്രശ്‌നം ഉണ്ടാകും. അതിനാൽത്തന്നെ വാർദ്ധക്യത്തലുണ്ടാവുന്ന അസുഖങ്ങളുടെ ലക്ഷണങ്ങൾ നേരത്തേ തന്നെ കണ്ടുതുടങ്ങിയാൽ നിസാരമായി തള്ളരുത്. ഉടൻതന്നെ ചികിത്സിക്കുക. ഇത്തരം പ്രശ്‌നങ്ങൾ പലരും വകവയ്‌ക്കാറില്ല. ഇതാണ് ചെറുപ്രായത്തിൽ തന്നെയുള്ള അപ്രതീക്ഷിത മരണങ്ങൾക്ക് കാരണമാകുന്നത്. ഇക്കഴിഞ്ഞ ജൂണിൽ ഇംഗ്ലണ്ടിൽ ഏകദേശം 600പേരാണ് ഇങ്ങനെ മരണപ്പെട്ടത്.

ദീർഘകാല അപകടസാദ്ധ്യതകൾ

കടുത്ത ചൂട് ആരോഗ്യത്തെ വളരെയേറെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ അംഗീകരിച്ചിരിക്കുകയാണ്. ഹോങ്കോംഗ് സർവകലാശാലയിലെ ഡോ. കുയി ഗുവോ ആണ് പഠനത്തിന് നേതൃത്വം നൽകിയത്. തുടക്കത്തിൽ അനുഭവപ്പെടുന്ന പ്രശ്‌നങ്ങൾ മാത്രമല്ല, ബയോളജിക്കൽ ഏജ് കൂടുന്നതോടെ ഭാവിയിലും വലിയ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. ഹൃദയസംബന്ധമായ അസുഖങ്ങൾ, ശ്വസന രോഗങ്ങൾ, അകാല മരണം എന്നിവയിലേക്ക് നയിക്കുമെന്നും ഡോ. കുയി ഗുവോ പറഞ്ഞു.

ശരീരത്തിന് എങ്ങനെ ദോഷകരമാകും?

ചൂട് ഏറുമ്പോൾ ശരീരം വിയർക്കുന്നു. മണിക്കൂറുകളോളം ഇങ്ങനെ സംഭവിക്കുന്നത് ഹൃദയത്തിനും വൃക്കയ്‌ക്കും അധിക സമ്മർദം ചെലുത്തുന്നു. ആവശ്യത്തിന് ജലാംശം ലഭിച്ചില്ലെങ്കിൽ നിർജലീകരണത്തിനും കാരണമാകുന്നു. പ്രധാന അവയവങ്ങൾക്കെല്ലാം ദോഷം ചെയ്യുന്നു.

കാർഷിക തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ എന്നിവരുൾപ്പെടെ സൂര്യപ്രകാശമേറ്റ് പുറത്ത് ജോലി ചെയ്യുന്നവരാണ് ഈ പ്രശ്‌നങ്ങളെല്ലാം അനുഭവിക്കുന്നത്. സാധാരണ ജനങ്ങളെ അപേക്ഷിച്ച് ഇവരുടെ ജൈവിക പ്രായം മൂന്നിരട്ടിയിലധികം വേഗത്തിലാണ് വർദ്ധിക്കുന്നത്. എസി ഉള്ള സാഹചര്യങ്ങളിൽ നിൽക്കുന്നത് പോലും ഇതിനൊരു തികഞ്ഞ പരിഹാരമല്ലെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. പ്രായമായ വ്യക്തികൾ, നിലവിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ, കൃത്യമായി ആരോഗ്യം സംരക്ഷിക്കാത്തവർ എന്നിവർക്കാണ് അപകടസാദ്ധ്യത കൂടുതലുള്ളത്.