'പറഞ്ഞ സ്ത്രീധനം ഇതുവരെ നൽകിയില്ല'; 32കാരിയെ തീകൊളുത്തി കൊല്ലാൻ ശ്രമം, ഭർത്താവും കുടുംബവും ഒളിവിൽ
ലക്‌നൗ: സ്ത്രീധന പ്രശ്നത്തിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഒരു കുടുംബത്തിലെ ആറ് പേർക്കായി അന്വേഷണം പുരോഗമിക്കുന്നു. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലായിരുന്നു സംഭവം. നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ നടുക്കം മാറും മുൻപാണ് പുതിയ സംഭവവും പുറത്തുവന്നിരിക്കുന്നത്.
നഴ്സായ പരുളാണ് (32) ക്രൂരതയ്ക്കിരയായത്. ഗുരുതര പൊളളലേറ്റ യുവതിയുടെ ആരോഗ്യനില മോശമായതിനാൽ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. യുവതിയുടെ ഭർത്താവ് ദേവേന്ദ്ര പൊലീസ് കോൺസ്റ്റബിളാണ്. അടുത്തിടെ ഇയാൾക്ക് റാംപൂരിൽ നിന്ന് ബറേലിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. ഇയാൾ അവധിയിലായിരുന്നു. വിവാഹത്തിന് പറഞ്ഞിരുന്ന സ്ത്രീധനം നൽകാത്തതിന്റെ പേരിൽ പരുളിനെ ദേവേന്ദ്രയും കുടുംബവും പലതവണ പീഡിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
യുവതിയുടെ സഹോദരനാണ് പരാതി നൽകിയത്. ദേവേന്ദ്ര, ഇയാളുടെ മാതാവ്, അടുത്ത ബന്ധുക്കളായ സോനു, ഗജേഷ്, ജിതേന്ദ്ര,സന്തോഷ് എന്നിവർക്കെതിരെയാണ് പരാതി. സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ ഗാർഹിക പീഡനത്തിനും കൊലക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഒളിവിലായ ആറ് പേർക്കായും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പതിമൂന്ന് വർഷം മുൻപായിരുന്നു പരുളിന്റെയും ദേവേന്ദ്രയുടെയും വിവാഹം. ഇരുവർക്കും ഇരട്ടകുട്ടികളുണ്ട്.
അതേസമയം, നോയിഡയിൽ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ പ്രതിയായ ഭർത്താവ് വിപിൻ ഭാട്ടിക്കെതിരെ മുമ്പ് മറ്റൊരു യുവതിയും പരാതി നൽകിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. യുവതിയെ വിപിൻ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതിയിൽ ആരോപിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 21നാണ് വിപിൻ ഭാര്യ നിക്കി ഭാട്ടിയെ മകന്റെ മുന്നിലിട്ട് തീകൊളുത്തിയത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.