സിനിമയിലെ അവസരങ്ങളെല്ലാം നഷ്‌ടമായി, ഇനിയെങ്കിലും ഒന്ന് നന്നാകാൻ അമ്മ പോലും പറഞ്ഞു; ലക്ഷ്‌മി മേനോന് സംഭവിച്ചത്
തമിഴ് സിനിമാ മേഖലയിൽ ഏറെ ജനപ്രീതിയുള്ള നടിയായിരുന്നു ലക്ഷ്‌മി മേനോൻ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടി സിനിമാ രംഗത്ത് സജീവമല്ല. ഏറെക്കാലത്തെ ഇടവേളയ്‌ക്ക് ശേഷം 2023ൽ പുറത്തിറങ്ങിയ 'ചന്ദ്രമുഖി 2' എന്ന സിനിമയിലാണ് ലക്ഷ്‌മി മേനോനെ പ്രേക്ഷകർ കണ്ടത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ 'രഘുവിന്റെ സ്വന്തം റസിയ' എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് ലക്ഷ്‌മി സിനിമാരംഗത്തെത്തുന്നത്. പിന്നീട് 'ഐഡിയൽ കപ്പിൾ' എന്ന മലയാള സിനിമയിലും പ്രധാനവേഷം ചെയ്‌തു. എന്നാൽ ഈ സിനിമകളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.
പിന്നീട് കുംകി, സുന്ദരപാണ്ഡ്യൻ എന്നീ തമിഴ് സിനിമകളിലൂടെയാണ് ലക്ഷ്‌മി മേനോൻ അറിയപ്പെട്ടത്. തമിഴിൽ ഇപ്പോഴും ലക്ഷ്‌മിക്ക് ആരാധകരേറെയാണ്. 2016 മുതലാണ് നടി സിനിമയിൽ നിന്ന് മാറിനിൽക്കാൻ തുടങ്ങിയത്. ഗ്രാമീണ യുവതിയായി അഭിനയിച്ച് മടുത്തതിനാലാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് ലക്ഷ്‌മി നേരത്തേ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'ഇനിയെങ്കിലും ഒന്ന് നന്നാകൂ' എന്ന് അമ്മ പറയാറുണ്ടെന്നും അവർ പറഞ്ഞു. ഈ സമയം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച നടിയെത്തേടി പിന്നീട് അവസരങ്ങളൊന്നും എത്തിയില്ല.
ഇപ്പോഴിതാ ഇന്ന് പുറത്തുവന്ന ഒരു വാർത്തയിലൂടെയാണ് ലക്ഷ്‌മി മേനോൻ വീണ്ടും ചർച്ചയായത്. കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ ലക്ഷ്‌മിയും പ്രതിയാണ്. നടിക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്. ലക്ഷ്‌മിയും സുഹൃത്തുക്കളും ചേർന്ന് കാർ തടഞ്ഞ് ബഹളം വയ്‌ക്കുന്നതിന്റെ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാറിൽ നിന്ന് യുവാവിനെ വലിച്ചിറക്കി മറ്റൊരു വാഹനത്തിൽ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു എന്നാണ് ലക്ഷ്‌മി മേനോനെതിരായ പരാതി.