'അന്ന് കരച്ചിൽ നിർത്താനായില്ല,​ മലയാളം സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞവരുണ്ട്'; തുറന്നുപറഞ്ഞ് കല്യാണി പ്രിയദർശൻ

Wednesday 27 August 2025 2:43 PM IST

സോഷ്യൽ മീഡിയയിൽ ആക്ടീവല്ലാത്തതുകൊണ്ട് പല കാര്യങ്ങളും അറിയാൻ സാധിക്കുന്നില്ലെന്ന് നടി കല്യാണി പ്രിയദർശൻ. സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് നന്നായി മലയാളം സംസാരിക്കാൻ പോലും അറിയില്ലായിരുന്നുവെന്നും താരം പറഞ്ഞു. പല അഭിനേതാക്കൾക്കും സോഷ്യൽ മീ‌‌ഡിയയിൽ നിന്ന് നെഗറ്റീവ് കമന്റുകളാണ് ലഭിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കല്യാണി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞത്.

'ഞാൻ സോഷ്യൽ മീഡിയയിൽ ആക്ടീവാണ്. പക്ഷെ മ​റ്റുളളവരുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ അത്രയും ആക്ടീവല്ല. ഞാൻ എന്താണ് ചെയ്യുന്നതെന്ന് ആരോടും അധികം പങ്കുവയ്ക്കാറില്ല. അതുകൊണ്ട് ആൾക്കാർക്ക് എന്നെ മനസിലാക്കാൻ കഴിയില്ലെന്നാണ് വിചാരിച്ചിരുന്നത്. മിക്ക താരങ്ങൾക്കും സോഷ്യൽ മീഡിയ നെഗ​റ്റീവ് വൈബാണ് കൊടുക്കുന്നത്. എന്നാൽ എനിക്ക് അങ്ങനെയല്ല. ഞാൻ നല്ല കുട്ടിയാണെന്ന് പറയുന്നവരുണ്ട്. പക്ഷെ എനിക്ക് സംസാരിക്കാൻ അറിയില്ലെന്ന് പറയുന്നവരുമുണ്ട്.

ഷൂട്ടിലായിരുന്നപ്പോഴാണ് എനിക്ക് പ്രിയപ്പെട്ട വളർത്തുനായ മരിച്ചെന്ന് അറിഞ്ഞത്. അതുകേട്ട് എനിക്ക് കരച്ചിൽ പോലും നിർത്താനായില്ല. കൂടെയുണ്ടായിരുന്നവർ എന്നെ സമാധാനിപ്പിക്കുകയായിരുന്നു. പ്രിയപ്പെട്ടവർ എന്നെ വിട്ടുപോകുന്നത് സഹിക്കാൻ കഴിയില്ല. എല്ലാവർക്കും അത് മനസിലാകണമെന്നില്ല. നായയെ വളർത്തുന്നവർക്കേ അത് മനസിലാകുകയുളളൂ. ആ സമയങ്ങളിൽ വലിയ വിഷമമായിരുന്നു. ദിവസവും പത്ത് മിനിട്ട് മാത്രമേ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുളളൂ.അമ്മയുടെ വിചാരം ഞാനാണ് ഇന്ത്യയിലെ മികച്ച സൂപ്പർ സ്​റ്റാറെന്നാണ്. ഇന്റർനെ​റ്റ് മുഴുവൻ ഞാനാണെന്നാണ് അമ്മ വിചാരിക്കുന്നത്. ഫോണിലെ ആൽഗൊരിതത്തിനെക്കുറിച്ച് അമ്മയ്ക്ക് ഇതുവരെയായിട്ടും മനസിലായിട്ടില്ല'- കല്യാണി പ്രിയദർശൻ പറഞ്ഞു.