അടുക്കളയിൽ ബാക്കിവന്ന ബീറ്റ്‌റൂട്ടുണ്ടോ? കിടിലൻ ഡൈ തയ്യാറാക്കാം, നര പിന്നെ ഒരിക്കലും വരില്ല

Wednesday 27 August 2025 2:50 PM IST

മിക്കയാളുകളും നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് അകാലനര. മാനസിക സമ്മർദം, പാരമ്പര്യം, പോഷകാഹാരക്കുറവ്, കെമിക്കലുകളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് നര ഉണ്ടാകുന്നത്. കടകളിൽ കിട്ടുന്ന ഡൈ ഉപയോഗിച്ച് അകാലനരയെ ചെറുക്കാനാണ് മിക്കവരും ശ്രമിക്കുന്നത്.

എന്നാൽ, കെമിക്കലുകൾ ചേർത്തുള്ള ഇത്തരം ഡൈകൾ വലിയ പാർശ്വഫലങ്ങൾ ഉണ്ടാക്കും. കെമിക്കലുകളൊന്നും ഉപയോഗിക്കാതെ തികച്ചും നാച്വറലായി മുടിയുടെ സ്വാഭാവിക നിറം തിരികെ കൊണ്ടുവരാം. അതിനായി ആയുർവേദ ഹെയർഡൈ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിന് എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം.

ആവശ്യമായ സാധനങ്ങൾ

ബീറ്റ്‌റൂട്ട് - 1

ചായപ്പൊടി - 2 ടേബിൾസ്‌പൂൺ

നീലയമരിപ്പൊടി - 2 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളം ചൂടായ ശേഷം തേയിലപ്പൊടിയിട്ട് നന്നായി തിളപ്പിക്കുക. ഇത് ചൂടാറാൻ വയ്ക്കുക. ശേഷം മിക്സിയുടെ ജാറെടുത്ത് കഷ്ണങ്ങളാക്കിയ ബീറ്റ്റൂട്ടിട്ട് അതിലേക്ക് കുറച്ച് കട്ടൻചായയും ഒഴിച്ചുകൊടുക്കുക. ഇതിനെ നന്നായി അടിച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് പാത്രത്തിലേക്ക് നീലയമരി ഇടുക. ഇതിലേക്ക് നേരത്തെ അരച്ചെടുത്ത ബീറ്റ്റൂട്ട് - കട്ടൻചായ മിശ്രിതം കൂടി ചേർത്തുകൊടുത്ത് നന്നായി യോജിപ്പിച്ച് എട്ട് മണിക്കൂർ അടച്ചുവയ്‌ക്കുക.

ഉപയോഗിക്കേണ്ട വിധം

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് വേണം ഡൈ പുരട്ടാൻ. ഹെയർ ഡൈ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ഷാംപു ഉപയോഗിക്കാതെ കഴുകിക്കളയാം. ഈ സമയം തലമുടി ചെറുതായി ചുവന്നിരിക്കുന്നത് കാണാം. പതിയെ അത് കറുപ്പ് നിറമാകും. ചെറിയ നരയേ ഉള്ളൂവെങ്കിൽ ഒറ്റ ഉപയോഗത്തിൽ തന്നെ മുടി കറുക്കും. നന്നായി നരച്ചിട്ടുണ്ടെങ്കിൽ തുടർച്ചയായ മൂന്ന് ദിവസം ചെയ്യുക.