പരീക്ഷയില്ല, ഒരുലക്ഷം രൂപവരെ ശമ്പളം കിട്ടും; സർക്കാർ ജോലിക്കായി കാത്തിരുന്നവർക്ക് വലിയ അവസരം
സെൻട്രൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷനിൽ (സിബിഐ) വിവിധ തസ്തികകളിൽ ജോലി നേടാൻ ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം. 78 ഒഴിവുകളാണുളളത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (19), പബ്ലിക് പ്രോസിക്യൂട്ടർ(25), ലെക്ച്ചറർ എന്നീ തസ്തികകളിലേക്കാണ് അവസരങ്ങളുളളത്. എഴുത്തുപരീക്ഷ ഇല്ലാതെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അഭിമുഖം അടിസ്ഥാനമാക്കിയാണ് നിയമനങ്ങൾ നടത്തുന്നത്.
ഉദ്യോഗാർത്ഥികളുടെ ആത്മവിശ്വാസമാണ് പ്രധാനമായും മാനദണ്ഡമാക്കുന്നത്. സെപ്റ്റംബർ 11 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമത്തിലോ ബി എഡും ബിരുദാനന്തരബിരുദമുളളവർക്കും അപേക്ഷിക്കാം. 45 വയസിന് താഴെയുളളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. എസ് സി, എസ് ടി, ഒബിസി എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിലും ഇളവുകളുണ്ട്. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലുണ്ട്.
ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗത്തിൽപ്പെട്ട പുരുഷ ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായി 25 രൂപ നൽകണം. സ്ത്രീകൾക്ക് അപേക്ഷാഫീസില്ല. എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കും അപേക്ഷാഫീസ് അടയ്‌ക്കേണ്ട. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 70,000 മുതൽ ഒരുലക്ഷം രൂപവരെ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം 1. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക. 2. ഓൺലൈൻ റിക്രൂട്ട്‌മെന്റ് ആപ്ലിക്കേഷൻ എന്ന ലിങ്കിൽ കയറുക. 3. അപ്ലൈ നൗ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 4. ആവശ്യമായി വിവരങ്ങൾ നൽകി പ്രൊഫൈൽ രൂപീകരിക്കുക. 5. അപേക്ഷാ ഫീസ് സമർപ്പിച്ചതിനുശേഷം സബ്മിറ്റ് ചെയ്യുക. 6. ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷാ ഫോമിന്റെ കോപ്പി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.