യു.പി.എസ്.സി,​ പി.എസ്.സി പരീക്ഷകൾ ഒരേദിവസം ഉദ്യോഗാർത്ഥികൾക്ക് 'പരീക്ഷ'ണം

Wednesday 27 August 2025 11:51 PM IST

കോട്ടയം: രണ്ട് പരീക്ഷകൾ ഒരേ ദിവസമായതോടെ എന്ത് ചെയ്യണമെന്നറിയാതെ ഒരുപറ്റം ഉദ്യോഗാർത്ഥികൾ. സിവിൽ സർവീസ് മെയിൻ പരീക്ഷയും പൊലീസ് സബ് ഇൻസ്പെക്ടർ തസ്തികയിലേയ്ക്കുള്ള മെയിൻ പരീക്ഷയും ഒരു ദിവസം നടത്താൻ തീരുമാനിച്ചതാണ് ഉദ്യോഗാർത്ഥികളെ വലയ്ക്കുന്നത്. രണ്ട് പരീക്ഷകൾക്കും അർഹരായിട്ടുള്ളവർ സബ് ഇൻസ്പെക്ടർ പരീക്ഷയുടെ തീയതി മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി ചെയർമാന് നിവേദനം നൽകിയെങ്കിലും ഇതുവരെ നടപടിയില്ല. ഈ മാസം 30നാണ് രണ്ട് പരീക്ഷകളും. രാജ്യത്തെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് പരീക്ഷയുടെ തീയതി മാറ്റുകയെന്നത് പ്രായോഗികമല്ലാത്തതാണ് സബ് ഇൻസ്പെക്ടർ പരീക്ഷാ തീയതി മാറ്റം സംബന്ധിച്ച് ഉദ്യോഗാർത്ഥികൾ ആവശ്യം ഉന്നയിക്കുന്നത്. രണ്ട് പരീക്ഷകൾക്ക് വേണ്ടിയും കഷ്ടപ്പെട്ട് പഠിച്ച് പ്രാഥമിക പരീക്ഷ പാസായവർക്കാണ് മെയിൻ പരീക്ഷയ്ക്ക് അവസരം ലഭിക്കുന്നത്. എന്നാൽ രണ്ട് പരീക്ഷകളും ഒരു ദിവസമെത്തിയതോടെ ഏതെങ്കിലും ഒന്ന് മാത്രമെഴുതാനെ അവസരമുള്ളൂ.

50 ലേറെപ്പേർ

സംസ്ഥാനത്ത് രണ്ട് പരീക്ഷകൾക്കും അർഹരായ അമ്പതിലേറെപ്പേരുണ്ട്. ഇവരിൽ പലരും പി.എസ്.സി ചെയർമാന് രേഖാമൂലം തങ്ങളുടെ സങ്കടം അറിയിച്ചിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.