കുട്ടിഡ്രൈവർമാർ ജാഗ്രതൈ ഓണാഘോഷം ഓവറാക്കേണ്ട, പിന്നാലെയുണ്ട് പൊലീസ്

Wednesday 27 August 2025 11:17 PM IST

കോട്ടയം: ഓണാഘോഷം പൊലിപ്പിക്കാൻ വാഹനങ്ങളുമായി ഇറങ്ങുന്ന വിദ്യാർത്ഥികളെ മെരുക്കാൻ പൊലീസ്. ലൈസൻസ് ഇല്ലാതെയും രൂപമാറ്റം വരുത്തിയ വാഹനങ്ങളും മാറ്റുമായി ഓണാഘോഷത്തിന് ഇറങ്ങുന്ന വിദ്യാർത്ഥികളെ പൊക്കാൻ പൊലീസ് സജ്ജം. ഇത്തരക്കാർക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് ജില്ലാ പൊലീസ്. കുട്ടികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കളും കുടുങ്ങും. കുട്ടിഡ്രൈവർമാർ ഓണം ക്രിസ്മസ് ആഘോഷവേളകളിൽ അപകടമുണ്ടാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകിയാൽ രക്ഷിതാക്കളെയും പ്രതിചേർക്കാനാണ് നിർദേശം. വാഹനം കോടതിയിലും ഹാജരാക്കും.

പൊതുനിരത്തിൽ വേണ്ട

സ്‌കൂളുകളിലും കോളേജുകളിലും നടക്കുന്ന ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ഒരു പരിപാടിയും പൊതുനിരത്തിൽ അനുവദിക്കില്ലെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ,​ ഇവയിലുള്ള നിയമലംഘനങ്ങൾ,​ അമിതവേഗത ഉൾപ്പെടെ ശ്രദ്ധയിൽപ്പെട്ടാൽ കർശനനടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.