തത്തപ്പള്ളി ക്ഷേത്രത്തിൽ മോഷണം,  പണം ഫോണും കവർന്നു

Wednesday 27 August 2025 10:24 PM IST

കടുത്തുരുത്തി: തത്തപ്പള്ളി ശ്രീവേണുഗോപാല ശ്രീഅന്തിമഹാകാള ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ തിടപ്പള്ളിയുടെ സമീപത്തെ മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും ട്രേയിലുണ്ടായിരുന്ന പണവും കവർന്നു. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് അഷ്ടദ്രവ്യമഹാഗണപതി ഹോമത്തിനുള്ള പ്രസാദം തയാറാക്കാൻ മേൽശാന്തി ക്ഷേത്രത്തിലുണ്ടായിരുന്നു. ശബ്ദംകേട്ട് മേൽശാന്തി പുറത്തിറങ്ങി പരിശോധന നടത്തുന്നതിനിടെ മോഷ്ടാവ് സമീപത്തുണ്ടായിരുന്ന ഉടയാടയെടുത്ത് തലമറച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ട്രേയിലുണ്ടായിരുന്ന ആറായിരം രൂപ മാറ്റിയിരുന്നു. ശേഷമുണ്ടായിരുന്ന തുകയും മൊബൈൽ ഫോണുമാണ് നഷ്ടമായത്. തത്തപ്പള്ളി ക്ഷേത്രാങ്കണത്തിലും സമീപത്തുള്ള പുരയിടത്തിലും അസമയങ്ങളിൽ യുവാക്കൾ കൂട്ടം കൂടിയിരിക്കുന്നത് പതിവാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിന് ചുറ്റുമതിൽ പൂർണമല്ലാത്തതിനാൽ അസമയത്തു ക്ഷേത്രത്തിൽ ആളുകൾ കടന്നുകയറുന്നതും പതിവാണ്.