കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് പ്രതി അഖിൽ നയിച്ചത് ആഡംബര ജീവിതം

Wednesday 27 August 2025 7:26 PM IST

കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടിൽ നിന്ന് കോടികൾ തട്ടിയെടുത്ത അഖിൽ സി.വർഗീസ് നയിച്ചിരുന്നത് ആഢംബര ജീവിതമെന്ന് വിജിലൻസ്. അമ്മയുടെ അക്കൗണ്ടിൽ ലഭിച്ചിരുന്ന തട്ടിപ്പ് പണം ഓരോ മാസവും കൃത്യമായി തന്റെ പല അക്കൗണ്ടിലേയ്ക്ക് മാറ്റിയിരുന്നു. 2024 ൽ തട്ടിപ്പ് പുറത്തായതിനെ തുടർന്ന് മുങ്ങിയ അഖിലിനെ വിജിലൻസ് സംഘം ഇന്നലെ കൊല്ലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. നാലു വർഷമാണ് അഖിൽ കോട്ടയം നഗരസഭയിൽ ജോലി ചെയ്തിരുന്നത്. വൈക്കത്തേയ്ക്ക് സ്ഥലം മാറ്റിയ ശേഷവും ഇയാൾ കോട്ടയത്ത് തട്ടിപ്പ് തുടർന്നു. കഴിഞ്ഞവർഷം നഗരസഭ സെക്രട്ടറിയാണ് തട്ടിപ്പ് വിവരം നഗരസഭ കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് ചെയ്തത്.

ബൈക്ക്, മൂന്ന് കാറുകൾ

തട്ടിയെടുത്ത പണം ഉപയോഗിച്ച് ലക്ഷങ്ങൾ വിലവരുന്ന ഒരു ഹാർലി ഡേവിഡ്‌സൺ ബൈക്കും മൂന്ന് കാറുകളും ഇയാൾ വാങ്ങിയിരുന്നു. കൊല്ലത്ത് ഏഴു സെന്റ് സ്ഥലവും വാങ്ങി. ഈരാറ്റുപേട്ടയിലെ ബാങ്കിൽ വായ്പയുണ്ടായിരുന്നു. വായ്പാ കുടിശിക ഉൾപ്പെടെ അടച്ചുതീർത്തു. നാല് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വൻ തുക ചെലവഴിച്ചിരുന്നു. ഈ ബില്ലുകളും അടച്ചുതീർത്തു. വിവിധ ജൂവലറികളിൽ നിന്നായി സ്വർണവും വാങ്ങി.