ചിറയിൻകീഴ് ഓവർബ്രിഡ്ജ് തുറക്കുന്നതും കാത്ത്

Thursday 28 August 2025 2:47 AM IST

40 വർഷത്തിലേറെ നീണ്ടുനിന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്

ചിറയിൻകീഴ്: ചിറയിൻകീഴ് ഓവർബ്രിഡ്ജ് ഗതാഗതത്തിനായി തുറക്കുന്നതും കാത്ത് ചിറയിൻകീഴ് നിവാസികളും യാത്രക്കാരും. ഔദ്യോഗികമായ ഉദ്ഘാടനം മറ്റൊരവസരത്തിലേക്ക് മാറ്റി എത്രയും വേഗം പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാനാണ് അധികൃതർ തയ്യാറെടുക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പാലം യാത്രക്കാർക്ക് തുറന്നു നൽകാനാകുമെന്ന പ്രതീക്ഷയാണ് അധികൃതരിൽ നിന്നും ലഭിക്കുന്നത്. പാലത്തിലെ ഫൈനൽ ടാറിംഗും ലൈറ്റും നടപ്പാതയിലെ കോൺക്രീറ്റുമാണ് ഇനി അവശേഷിക്കുന്നത്. അതിൽ ടാറിംഗിന്റെയും ലൈറ്റിന്റെയും പണി ദിവസങ്ങൾക്കുള്ളിൽ തീരും. ഇവ പൂർത്തിയായാൽ വാഹനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാം. പാലം തുറക്കുന്നതോടെ 40 വർഷത്തിലേറെ നീണ്ടുനിന്ന ചിറയിൻകീഴുകാരുടെ ചിരകാല അഭിലാഷമാണ് പൂർത്തിയാകുന്നത്.

നിർമ്മാണ പ്രവർത്തനങ്ങളിൽ തടസം നേരിട്ടു

ഏറെ പ്രതിസന്ധികൾ കടന്നാണ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തുന്നത്. 2021-ൽ ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാകുമെന്നുപറഞ്ഞ് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ വിവിധ കാരണങ്ങളാൽ ഇഴയുകയായിരുന്നു. കൊവിഡിനെ തുടർന്നുള്ള അടച്ചിടലും നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും റെയിൽവേയുടെ പണി നീണ്ടതുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നീളാൻ കാരണമെന്നാണ് കരാർ കമ്പനി അധികൃതരുടെ വാദം.

യാത്ര ദുഷ്കരമാക്കി

ഈ വർഷകാലമത്രയും ചിറയിൻകീഴ്-കടയ്ക്കാവൂർ റൂട്ടിലെ യാത്ര ഏറെ ദുരിതപൂർണമായിരുന്നു. ചിറയിൻകീഴിലെ കച്ചവട സ്ഥാപനങ്ങളെയും പാലം നിർമ്മാണം സാരമായി ബാധിച്ചു. ഇതിനിടയിൽ പാലം പണി അനന്തമായി നീളുന്നതിൽ നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും യാത്രക്കാരുടെയും പ്രതിഷേധങ്ങളും വർദ്ധിച്ചുവന്നു. തുടർന്നാണ് ജനങ്ങളെ പരീക്ഷിക്കാതെ ഉദ്ഘാടനത്തിന് മുമ്പ് പാലം തുറക്കാൻ പദ്ധതി ഒരുക്കുന്നത്.