കടബാധ്യത : 4 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് ദമ്പതികൾ ആത്‌മഹത്യ ചെയ്തു

Wednesday 27 August 2025 7:49 PM IST

ഭുവനേശ്വർ: നാലുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ വ്യവസായിയായ സച്ചിൻഗ്രോവറും (30) ഭാര്യ ശിവാനി(28) യും അവരുടെ നാലുമാസം പ്രായമുള്ള മകനുമാണ് മരിച്ചത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ദമ്പതികളുടെ ആത്‌മഹത്യയ്ക്ക് കാരണമായത്.

വീടിന്റെ രണ്ടാം നിലയിൽ താമസിച്ചിരുന്ന ഇവരുടെ മൃതദേഹങ്ങൾ രണ്ടു മുറികളിൽ നിന്നാണ് ബന്ധുക്കൾ കണ്ടെത്തിയത്. കടബാധ്യത മൂലം താൻ വളരെയധികം വിഷമിക്കുന്നുവെന്ന് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ സച്ചിൻ എഴുതിയിട്ടുണ്ട്. ' എന്റെ കുടുംബത്തെക്കുറിച്ച് എനിക്ക് പരാതിയില്ല. അവരെല്ലാം എന്നെ പിന്തുണച്ചു. കടം തീർക്കാൻ ഞങ്ങളുടെ കാറും വീടും വിൽക്കണം. ‌‌ഞങ്ങൾ കടം വീട്ടിയില്ലെന്ന് ആരും പറയരുത്' എന്നും സച്ചിൻ എഴുതിയ കുറിപ്പിലുണ്ട്.

താഴത്തെ നിലയിൽ താമസിക്കുന്ന അവരുടെ ബന്ധുക്കളാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ

മ‌ൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മകൻ 5 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിക്കണമെന്ന് പറ‌ഞ്ഞിരുന്നു. എന്നാൽ 3 ലക്ഷം രൂപ മാത്രമാണ് സംഘടിപ്പിക്കാൻ കഴിഞ്ഞതെന്ന് സച്ചിന്റെ മാതാവ് പറഞ്ഞു.